സിറിയയില്‍ കുര്‍ദുകള്‍ക്കെതിരേ തുര്‍ക്കി ആക്രമണം തുടരുന്നു

ദമസ്‌കസ്: വടക്കന്‍സിറിയയില്‍ കുര്‍ദുകള്‍ നിയന്ത്രണത്തിലാക്കിയ അലപ്പോയില്‍ തുര്‍ക്കി രണ്ടാം ദിവസവും ആക്രമണം നടത്തിയതായി റിപോര്‍ട്ട്. അലപ്പോനഗരത്തിന്റെ വടക്കന്‍ ഭാഗം കുര്‍ദുകളുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിയുടെ സായുധവിഭാഗമായ സിറിയന്‍ കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഈ ഭാഗത്തു നിന്നു പിന്മാറാന്‍ ശനിയാഴ്ച തുര്‍ക്കി കുര്‍ദുകളോടാവശ്യപ്പെട്ടിരുന്നു.

ആവശ്യമെങ്കില്‍ സിറിയയില്‍ കുര്‍ദുകള്‍ക്കെതിരേ സൈനിക നീക്കം നടത്തുമെന്നും തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദൊഗ്‌ലു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം. കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വ്യോമതാവളത്തിനും മറ്റു കേന്ദ്രങ്ങള്‍ക്കും നേരെയാണ് തുര്‍ക്കി ആക്രമണം നടത്തിയത്.
അതേസമയം തുര്‍ക്കി സിറിയയില്‍ സൈനിക നീക്കം തുടങ്ങിയ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും തമ്മില്‍ ചര്‍ച്ച നടത്തി. സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ക്കു മുന്നോടിയായാണ് ഇരു നേതാക്കളും ടെലിഫോണ്‍ സംഭാഷണം നടത്തിയത്. ചര്‍ച്ച പുരോഗമനപരമായിരുന്നുവെന്നും മ്യൂണിക്കില്‍ നടത്തിയ ചര്‍ച്ചയില്‍ ഇതിന്റെ ഗുണം കാണാമെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു. മ്യൂണിക്കില്‍വച്ചു നടത്തുന്ന നയതന്ത്രചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ധാരണയുമായി സഹകരിക്കാനും ഇരു നേതാക്കളും തമ്മില്‍ ധാരണയായി.
എന്നാല്‍, സിറിയയില്‍ വെടിനിര്‍ത്തലിന് ലോകനേതാക്കളുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് വിമതര്‍ ക്കെതിരേ സിറിയ സൈനിക നീക്കം ശക്തമാക്കി. അലപ്പോയുടെ ഒരു ഭാഗം നിയന്ത്രണത്തിലാക്കിയതായി റഷ്യയുടെ പിന്തുണയോടെ വിമതര്‍ക്കെതിരേ പോരാട്ടം നടത്തുന്ന സിറിയന്‍ സൈന്യം അവകാശപ്പെട്ടിരുന്നു.
അതേസമയം സിറിയയില്‍സമാധാനം പുനസ്ഥാപിക്കാന്‍ യുഎസും സിറിയയും മുന്നോട്ടുവച്ച ധാരണയ്‌ക്കെതിരേ സിറിയയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റി രംഗത്തെത്തി. സിറിയയില്‍ റഷ്യ ഇപ്പോഴും സിവിലിയന്‍മാര്‍ക്കെതിരേ ആക്രമണം നടത്തുകയാണെന്ന് കമ്മിറ്റി നേതാവ് രിയാദ് ഹിജാബ് പറഞ്ഞു. സിറിയയിലെ സമാധാനത്തിന് വാക്കുകളല്ല പ്രവൃത്തികളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it