സിപിഎം വിട്ടുവീഴ്ചയ്ക്ക് തയ്യാറായി; വകുപ്പ് വിഭജനം പൂര്‍ത്തിയാക്കിയത് വിവാദങ്ങളില്ലാതെ

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ അവശേഷിക്കവേയാണ് വകുപ്പ് വിഭജനത്തെച്ചൊല്ലി എല്‍ഡിഎഫില്‍ നിലനിന്ന ആശയക്കുഴപ്പം നീങ്ങിയത്. വകുപ്പുകള്‍ സംബന്ധിച്ച് നടന്ന അനൗദ്യോഗിക ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ക്കിടയില്‍ ധാരണയുണ്ടാവാത്തതിനാല്‍ ഇന്നലെ രാവിലെ ഇതിനായി അടിയന്തര എല്‍ഡിഎഫ് ചേരുകയായിരുന്നു.
യോഗത്തില്‍ വിട്ടുവീഴ്ചയിലൂന്നിയ സമീപനം സിപിഎം സ്വീകരിച്ചതോടെ രണ്ടരമണിക്കൂര്‍ കൊണ്ട് വിവാദങ്ങളൊന്നുമില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ മുന്നണി നേതൃത്വത്തിന് കഴിഞ്ഞു. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്തുനല്‍കിയ റവന്യൂ, കൃഷി, സിവില്‍സപ്ലൈസ് വകുപ്പുകള്‍ക്ക് പുറമേ നിയമം, ജലവിഭവം എന്നീ വകുപ്പുകള്‍ കൂടി നല്‍കണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍, കഴിഞ്ഞ തവണ നല്‍കിയ വകുപ്പുകള്‍ മാത്രമേ നല്‍കാന്‍ കഴിയൂവെന്ന് സിപിഎം നിലപാടെടുത്തു.
ജലവകുപ്പിനായി എന്‍സിപിയും അവകാശവാദമുന്നയിച്ചതോടെ ഇതേച്ചൊല്ലിയായി തര്‍ക്കം. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രധാന വകുപ്പായതിനാല്‍ പരിചയസമ്പന്നര്‍ തന്നെ കൈകാര്യം ചെയ്യണമെന്ന നിലപാടായിരുന്നു സിപിഎമ്മിന്റേത്. ജനതാദള്‍ എസിലെ മാത്യു ടി തോമസിന് നറുക്കുവീഴാന്‍ വഴിയൊരുക്കിയതും ഈ അഭിപ്രായമായിരുന്നു. വിഎസ് മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മികച്ച നിലയില്‍ കൈകാര്യം ചെയ്‌തെന്ന വിലയിരുത്തലാണ് അദ്ദേഹത്തിന് വകുപ്പ് നല്‍കാനിടയാക്കിയത്.
സീറ്റ് സിപിഎം കൈയില്‍വയ്ക്കാതെ ഘടകകക്ഷിക്ക് നല്‍കിയതിനാല്‍ സിപിഐ പിന്നീട് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. എന്‍സിപി ഇതില്‍ പ്രതിഷേധം അറിയിച്ചെങ്കിലും ഗതാഗത വകുപ്പ് അവര്‍ക്കു നല്‍കി പ്രശ്‌നം പരിഹരിച്ചു. ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്ക് നല്‍കാനായിരുന്നു ആദ്യ ആലോചന. കടന്നപ്പള്ളിക്കും ഇതിലായിരുന്നു താല്‍പര്യം. എന്നാല്‍, വകുപ്പ് സിപിഎം ഏറ്റെടുക്കുകയായിരുന്നു. നോട്ടമിട്ട വകുപ്പുകള്‍ക്കായി ഘടകകക്ഷികള്‍ പല അവകാശവാദങ്ങളും ഉയര്‍ത്തിയെങ്കിലും വെറും രണ്ടര മണിക്കൂറിലാണ് നാലു പാര്‍ട്ടികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും എല്‍ഡിഎഫ് യോഗവും നടത്തി സിപിഎം വകുപ്പ് വിഭജനം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വിഎസ് സര്‍ക്കാരില്‍നിന്ന് പിണറായി സര്‍ക്കാരിലേക്ക് വരുമ്പോള്‍ വകുപ്പ് വിഭജനത്തിലുള്ള പ്രധാനവ്യത്യാസം ഘടകകക്ഷികളെ ഏല്‍പിച്ചിരുന്ന ദേവസ്വം, പൊതുമരാമത്ത് എന്നീ സുപ്രധാന വകുപ്പുകള്‍ സിപിഎം തിരിച്ചെടുത്തു എന്നതാണ്. ഒപ്പം സിപിഎം കൈവശം വച്ചിരുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രന് വിട്ടുകൊടുക്കുകയും ചെയ്തു.
അതിനിടെ വിഎസ് അച്യുതാനന്ദന് കാബിനറ്റ് പദവിയോടെ സര്‍ക്കാരിന്റെ ഉപദേശക സ്ഥാനം നല്‍കാനും നീക്കമുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് യോഗത്തിലും ചര്‍ച്ചയായി. വിഎസിന് പദവി നല്‍കുന്നതു സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
Next Story

RELATED STORIES

Share it