സിപിഎം നയത്തെ എതിര്‍ത്ത് സിപിഐ; പിപിപി പദ്ധതി കേരള ഭൂപരിഷ്‌കരണ നിയമത്തെ തകര്‍ക്കും: സിപിഐ

പാലക്കാട്: പിപിപി അടിസ്ഥാനത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ തട്ടിപ്പാണെന്നും അതിനെ എതിര്‍ക്കുമെന്നും മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ പി രാജേന്ദ്രന്‍. പാലക്കാട്ട് വാര്‍ത്താസമ്മേളനത്തിലാണ് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ രാജേന്ദ്രന്‍ വ്യത്യസ്താഭിപ്രായം പ്രകടിപ്പിച്ചത്.
പാലക്കാട്ട് കോച്ച് ഫാക്ടറി പിപിപി അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനെ എം ബി രാജേഷ് എംപിയും സിപിഎമ്മും സ്വാഗതം ചെയ്തിട്ടുണ്ടല്ലോയെന്ന ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പിപിപി അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനെ സിപിഐയും എഐടിയുസിയും എതിര്‍ക്കും. അത്തരം പദ്ധതികള്‍ കേരള സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കുന്നതാണെന്നും അതിനെ എന്തുവിലകൊടുത്തും തടയുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭൂരിഭാഗം പദ്ധതികളും ഇപ്പോള്‍ പിപിപി അടിസ്ഥാനത്തിലാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, അതിലൂടെ കുത്തക കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി കൈയടക്കാന്‍ അവസരം നല്‍കുകയാണ്. വല്ലാര്‍പ്പാടം ടെര്‍മിനല്‍, ആറന്മുള വിമാനത്താവള പദ്ധതികളില്‍ ഇത്തരത്തിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ലേബര്‍ സപ്ലൈ ക്യാംപുകള്‍ വ്യാപകമാവുകയാണ്. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പദ്ധതികളില്‍പോലും തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. മിനിമം കൂലിയുടെ പകുതിപോലും നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
25 മുതല്‍ 28 വരെ കോയമ്പത്തൂര്‍ പുതിയ പുതൂര്‍ അയിഷ മഹലില്‍ നടക്കുന്ന എഐടിയുസിയുടെ 41ാമത് ദേശീയ സമ്മേളനത്തില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ സമര പരിപാടികള്‍ ആവിഷ്‌കരിക്കും. സമ്മേളനത്തിനു കോയമ്പത്തൂരിലെ സിപിഐ നേതാവ് കെ എസ് റാഞ്ചിമുത്തു പതാക ഉയര്‍ത്തും. തൊഴിലാളികളുടെ പടുകൂറ്റന്‍ റാലിയും പൊതുസമ്മേളനവും നടക്കും. എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി ഗുരുദാസ് ഗുപ്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി 23ന് സംസ്ഥാനത്തെ നൂറോളം കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തും. 22ന് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഭൂമിയിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ മല്ലിക, വൈസ് പ്രസിഡന്റ് കെ സി ജയപാലന്‍, ജില്ലാ സെക്രട്ടറി ഇ പി രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it