palakkad local

സിനിമാ തിയേറ്റര്‍ പോലുമില്ലാത്ത പട്ടണമായി ആലത്തൂര്‍ മാറി

ആലത്തൂര്‍: ഒരു പട്ടണത്തിന്റെ സാംസ്‌കാരിക ലക്ഷണളാണ് വിനോദകേന്ദ്രങ്ങള്‍. അതില്‍ പ്രധാനപ്പെട്ടതാണ് സിനിമ തിയേറ്ററുകള്‍ ഒരു കാലത്ത് ആലത്തൂര്‍ നഗരത്തിലേക്ക് വരുന്ന ആളുകള്‍ക്ക് ആദ്യം കാണാന്‍ കഴിയുക സ്വാതി ജങ്ഷനിലെ സ്വാതി തിയേറ്ററാണ്. എന്നാല്‍ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നതിനാല്‍ അടച്ചുപൂട്ടി നാഥനില്ലാക്കളരി പോലെ ആര്‍ക്കും വേണ്ടാത്ത സ്ഥിതിയിലായി.
ആലത്തൂരില്‍ ആദ്യ കാലത്ത് പ്രവര്‍ത്തിച്ച രാജധാനി പിന്നീട് അശ്വതി തിയേറ്ററായി മാറി. ഇപ്പോളത് വിവിധ ഗോഡൗണുകളായി പ്രവര്‍ത്തിക്കുന്നു. പിന്നീടുണ്ടായിരുന്ന ആനന്ദ് തിയേറ്റര്‍ പൊളിച്ച് ഹൗസ് പ്ലോട്ടുകളാക്കിമാറ്റി. ഇന്ന് ആലത്തൂരുകാര്‍ക്ക് സിനിമ കാണണമെങ്കില്‍ വടക്കഞ്ചേരിയിലോ, പാലക്കാടോ പോകേണ്ട സ്ഥിതിയാണ്. ചെങ്കല്‍ ചൂള, പാറമട, പുഴമണല്‍ വാരല്‍, പാറമണല്‍ നിര്‍മ്മാണം, കുപ്പിവെള്ള വ്യവസായം, പണം പലിശക്കു കൊടുക്കല്‍ തുടങ്ങി ഇവിടെ വിജയിച്ച ചുരുക്കം സംരഭങ്ങളുമുണ്ട്. ഇതൊന്നും നാടിന്റെ പൊതു വളര്‍ച്ചയുടെ പ്രതീകങ്ങളായി കണക്കാക്കാനാവില്ല.
പരിസ്ഥിതിക്കും സമൂഹത്തിന്റെ പൊതു നന്മക്കും ഇവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതുമല്ല. ഇവിടെ സര്‍ക്കാര്‍ മേഖലയിലോ, സ്വകാര്യമേഖലയിലോ പരാജയപ്പെട്ട ഒരു വ്യവസായവും തൊഴില്‍ പ്രശ്‌നങ്ങള്‍ മൂലമല്ല അടച്ചു പൂട്ടിയത് എന്നത് ശ്രദ്ധേയമാണ്. തൊഴിലാളി പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്നിട്ടും അത്തരം പ്രശ്‌നങ്ങള്‍ ഒരു സ്ഥാപനത്തിന്റെയും നിലനില്‍പ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനം നടത്തിയിട്ടില്ല. ഉദ്യോഗസ്ഥ, രാഷ്ട്രീയ തലങ്ങളില്‍ നിന്നുള്ള പ്രോത്സാഹനകുറവ്, പുതുവഴികളും, പുത്തന്‍ സാങ്കേതിക വിദ്യയും സ്വീകരിക്കുന്നതിലെ വൈമനസ്യം, വ്യവസായ നടത്തിപ്പിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിലെ പരിശ്രമക്കുറവ്, എന്നിവയൊക്കെ പ്രശ്‌നങ്ങളാണെന്ന് ഇത് സംബന്ധിച്ച് നിരീക്ഷണം നടത്തിയ മുന്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു പ്രധാനകാര്യം വ്യവസായമേഖലയായ കോയമ്പത്തൂരിന്റെ സാമീപ്യമാണ്. കുറഞ്ഞ വിലക്ക് ഗുണനിലവാരം കുറഞ്ഞതും കൂടിയതുമായ എന്തും കോയമ്പത്തൂരില്‍ കിട്ടുമെന്നിരിക്കെ ഇവിടെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നവക്ക് പ്രിയം കുറവാവുന്നു. ഇതു മനസിലാക്കി ആലത്തൂരുകാര്‍ കോയമ്പത്തൂരും തിരുപ്പൂരും കഞ്ചിക്കോട്ടുമൊക്കെപോയി വ്യവസായം ആരംഭിച്ച് വിജയിക്കുകയും ചെയ്തു.

(അവസാനിച്ചു)
Next Story

RELATED STORIES

Share it