azchavattam

സിനിമയുടെ ആക്രിക്കാരന്‍

സിനിമയുടെ ആക്രിക്കാരന്‍
X
Cinema-Acri
സിനിമയുടെ ഗന്ധങ്ങള്‍, ദൃശ്യങ്ങള്‍, സ്പര്‍ശങ്ങള്‍, ശബ്ദങ്ങള്‍, സ്വാദുകള്‍ ഓര്‍ത്താസ്വദിച്ച് ഒരു ജീവിതം മുഴുവന്‍ സ്‌ക്രീനില്‍ കണ്ണുംനട്ട് ഇരുട്ടില്‍ കഴിഞ്ഞിരുന്ന ഒരാള്‍. ഒരു സിനിമ തന്നെ ജീവിതത്തില്‍ എത്രയോ തവണ കാണുക, ഇങ്ങനെ ഒരാള്‍ ഒരുവേള പി കെ നായര്‍ മാത്രമായിരിക്കണം. പി കെ നായര്‍ എന്ന പരമേശ് കൃഷ്ണനായര്‍ ചലച്ചിത്ര തിരുശേഷിപ്പുകളെ കരുതിവച്ച് കാലത്തിനു സമര്‍പ്പിക്കുകയായിരുന്നു.
ഒരു സംവിധായകനാവാതെ, ഒരു മഹാനടനാവാതെ, ഒരു തിരക്കഥപോലും കുറിക്കാതെ ഇന്ത്യന്‍ സിനിമയില്‍ വാഴ്ത്തപ്പെട്ടവനായി ഒരാളേ ഉള്ളൂ. അതും പി കെ നായര്‍ തന്നെ. ചലച്ചിത്രങ്ങള്‍ സൂക്ഷിക്കുന്ന തുരുമ്പെടുത്ത തകരപ്പെട്ടികള്‍ അമൂല്യ പൈതൃക സമ്പത്താണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ അതും ഈ ചലച്ചിത്രങ്ങളുടെ കാവല്‍ക്കാരന്‍ തന്നെ. ആദരണീയരായ ചലച്ചിത്രപ്രതിഭകളോടൊപ്പം തന്നെയായിരുന്നു ഈ സിനിമാആക്രിക്കാരന്റെയും സ്ഥാനം.
ലോകസിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് ഇന്ത്യന്‍ സിനിമയ്ക്കും. എന്നാല്‍, 1950കളിലെ ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പ്രിന്റോ അവയുടെ നിര്‍മാണം സംബന്ധിച്ച കാര്യങ്ങളോ രേഖപ്പെടുത്തിവച്ചിരുന്നില്ല. ഇന്ത്യയില്‍ ഒരു ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുമ്പോള്‍ അവിടെ ചലച്ചിത്ര പഠനാര്‍ഥികളായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ചരിത്രം അറിയാന്‍ മാര്‍ഗമില്ലായിരുന്നു. പഴയ പ്രശസ്ത ചിത്രങ്ങളുടെ സ്വഭാവവും സാങ്കേതികവും കലാപരവുമായ വികാസപരിണാമത്തിന്റെ ചരിത്രവും കിട്ടാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. ആ പ്രതിസന്ധി ഘട്ടത്തിലാണ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പി കെ നായര്‍ ഒരു റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുന്നത്. സിനിമയോടുള്ള അഗാധപ്രണയം കൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും ധിക്കരിച്ചു സിനിമക്കാരനാവാന്‍ മുംബൈയിലേക്കു തീവണ്ടി കയറിയ ആളാണ് പി കെ.
film

മെഹ്ബൂബ് ഖാന്‍, ബിമല്‍ റോയ്, രാജ്കപൂര്‍, ഗുരുദത്ത് എന്നിവരുടെയൊക്കെ കൂടെ പ്രവര്‍ത്തിച്ചിട്ടും അദ്ദേഹം സിനിമക്കാരനായില്ല. നല്ല നല്ല സിനിമകള്‍ കണ്ടതോടെ ഒരു നല്ല സംവിധായകനാവാന്‍ തനിക്കാവില്ലെന്നു സ്വയം വിശ്വസിച്ച് ചലച്ചിത്രത്തിന്റെ മറ്റൊരു വഴിയിലേക്കു തന്റെ ജീവിതം മാറ്റിവയ്ക്കുകയായിരുന്നു.
തന്നില്‍ ഒരു ചരിത്രദൗത്യം ഏല്‍പിക്കപ്പെട്ടിട്ടുണ്ട് എന്ന തിരിച്ചറിവിലൂടെ സെല്ലുലോയ്ഡില്‍ പകര്‍ത്തപ്പെടുന്ന ഏതു കാര്യത്തിനും ലോകചരിത്രത്തില്‍ സ്ഥാനമുണ്ടെന്നും അത് ചലച്ചിത്രവിദ്യാര്‍ഥികള്‍ക്കു ഭാവിയില്‍ ഉപകരിക്കുമെന്നും നായര്‍ വിശ്വസിച്ചു.
അന്നു തുടങ്ങിയതാണ് ചലച്ചിത്രങ്ങള്‍ തേടിയുള്ള ഒരുതരം തീര്‍ത്ഥയാത്ര. സിനിമാബന്ധിയായ ഓരോ വ്യക്തിയെയും സ്ഥാപനങ്ങളെയും തേടി അലച്ചിലായിരുന്നു ആ ജീവിതം. തുരുമ്പിച്ച സിനിമാപെട്ടികളില്‍ ജീര്‍ണിച്ച് വിസ്മൃതിയില്‍ മുങ്ങിപ്പോവുമായിരുന്ന ഇന്ത്യന്‍, ലോകസിനിമകളുടെ പ്രിന്റുകള്‍ കണ്ടെത്തുവാനത് സഹായിച്ചു.
ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹേബ് ഫാല്‍കെയുടെ ചലച്ചിത്രങ്ങള്‍ കണ്ടെത്തിയെന്നതു മാത്രം മതി ആ സിനിമാസംരക്ഷകനെ ഇന്ത്യന്‍ സിനിമ പൂജിക്കാന്‍.
1969ല്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് ഫാല്‍കെയുടെ സിനിമകള്‍ കണ്ടെത്തിയത്. ന്യൂസ് പേപ്പര്‍ കയറ്റിക്കൊണ്ടുപോവുന്ന കാറിലായിരുന്നുവത്രെ ആ യാത്ര.       ഫിലിം റോളുകള്‍ മുഴുവന്‍ കഷണം കഷണമായതായിരുന്നു. ആദ്യമായി ആ ചിത്രങ്ങള്‍ മുഴുവന്‍ കൂട്ടിയോജിപ്പിച്ചു പൂര്‍ണമാക്കി.
നല്ല സിനിമ, ചീത്ത സിനിമ, പ്രഗല്‍ഭരുടെ സിനിമ എന്നതൊന്നും പ്രശ്‌നമായിരുന്നില്ല. ഏതു ചലച്ചിത്രവും കണ്ടെത്തി അദ്ദേഹം ആര്‍ക്കൈവ്‌സില്‍ എത്തിച്ചു.
പി കെ നായരെ പോലെതന്നെയായിരുന്നു സഹോദരന്‍ പി രാമന്‍നായരും. രാമേട്ടനെന്നു നാം വിളിക്കുന്ന അന്തരിച്ച എഡിറ്റര്‍ രാമന്‍നായരും ജീവിതം സിനിമയ്ക്കായി തന്നെ ജീവിച്ചു തീര്‍ക്കുകയായിരുന്നു. മലയാളത്തിലെ ഒന്നാംകിട സിനിമകളുടെ എഡിറ്റിങ് നിര്‍വഹിച്ചത് രാമന്‍നായരായിരുന്നു. രാമന്‍നായര്‍ ഒരിക്കലും തല്ലിപ്പൊളി സിനിമയുടെ ഭാഗമായിരുന്നില്ല. പ്രശസ്ത സിനിമാനിരൂപകന്‍ യു കെ ജോണിയുടെ 'സൈലന്റ് സ്‌ക്രീം' എഡിറ്റ് ചെയ്തത് രാമേട്ടനായിരുന്നു. രാമേട്ടന്‍ അന്ന് രോഗത്തിന്റെ പിടിയിലായതുകൊണ്ട് എഡിറ്റ് ജോലി വളരെ സാവധാനത്തിലായിരുന്നു എന്നു മാത്രം. ആ സമയത്തൊക്കെ പി കെ നായര്‍ വിളിച്ച് ജോലി എവിടം വരെയായി എന്നന്വേഷിച്ചിരുന്നു.
ചലച്ചിത്രലോകത്ത് സത്യജിത് റേയെ കാണുന്നപോലെ തന്നെയാണ് ഏതെങ്കിലും ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്ത യുവാവിനെയും നായര്‍ പരിഗണിച്ചത്. അദ്ദേഹത്തിന് മഹാപ്രതിഭയും തുടക്കക്കാരനും ഒരുപോലെയായിരുന്നു. മുംബൈയിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലുമെല്ലാം ഫിലിം ഫെസ്റ്റിവലില്‍ ചിത്രങ്ങള്‍ കണ്ടുനടക്കുമ്പോള്‍, 'ചിത്രങ്ങള്‍ കണ്ടാല്‍ പോര കേട്ടോ, നല്ല സിനിമകള്‍ സംവിധാനം ചെയ്യുക കൂടി വേണ'മെന്ന് ഓര്‍മപ്പെടുത്താറുള്ളത് ഒ കെ ജോണി ഇന്നും ഓര്‍ക്കുന്നു.
ഫിലിം ആര്‍ക്കൈവ്‌സിലെ സിനിമകളുടെ കാറ്റ്‌ലോഗ് മനപ്പാഠമാക്കിയ ആളായിരുന്നു പി കെ നായര്‍.
എന്നാല്‍, ഇത്രയും മഹാനായ ഒരു ചലച്ചിത്രപ്രേമിയില്‍ നിന്നു ചലച്ചിത്രചരിത്രം രേഖപ്പെടുത്തിയ മഹത്തായ ഒരു ഗ്രന്ഥം ചലച്ചിത്രലോകത്തിനു കിട്ടാതെ പോയി എന്നത് ഖേദകരമാണ് -ആര്‍ക്കൈവ്‌സ് എന്ന മഹത്തായ സ്ഥാപനത്തെ പടുത്തുയര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാവാം അത്. കാണുന്ന സിനിമകളുടെ മുഴുവന്‍ വിവരങ്ങളും അദ്ദേഹം നോട്ടുബുക്കുകളില്‍ കുറിച്ചുവയ്ക്കുക മാത്രമാണ് ചെയ്തത്.
ചലച്ചിത്രസ്മൃതികളുടെ പ്രതീകമായ പി കെ നായരോടും നമ്മുടെ ഭരണകൂടം അനാദരവ് കാട്ടിയിട്ടുണ്ട്. തികച്ചും ഒരു നന്ദികേട്, ഒ കെ ജോണി ഓര്‍ക്കുന്നു:
പി കെ നായരുടെ ജീവിതം രേഖപ്പെടുത്തുന്ന 'സെല്ലുലോയ്ഡ് മാന്‍' എന്ന ഡോക്യുമെന്ററി ശിവേന്ദ്രസിങ് ദുംഗാര്‍പൂര്‍ ചിത്രീകരിക്കുന്ന വേള. പി കെ നായരുടെ ജീവിതം മുഴുവന്‍ സിനിമയ്ക്കുവേണ്ടി എരിച്ചുതീര്‍ത്ത പൂനെയിലെ ആര്‍ക്കൈവ്‌സില്‍ വച്ച് പി കെ നായരുടെ ചില ജീവിതമുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍, ആര്‍ക്കൈവ്‌സില്‍ ചിത്രീകരണം നടത്താന്‍ നിയമങ്ങളുടെ തടസ്സവുമായി ഭരണകൂടം ഇടപെട്ടു. ഒരു പ്രസ്ഥാനം മുഴുവന്‍ കൊണ്ടുനടന്ന ഒരു മഹാന്റെ ജീവിതചക്രം ചിത്രീകരിക്കാന്‍ അദ്ദേഹം പടുത്തുയര്‍ത്തിയ സ്ഥാപനം ലഭിച്ചില്ലെന്നത് എത്ര ഖേദകരം.
Next Story

RELATED STORIES

Share it