Pathanamthitta local

സിക്ക വൈറസിനെതിരേ ജാഗ്രത; ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ഇന്ന്

പത്തനംതിട്ട: സിക വൈറസിനെതിരേ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെയും ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാരുടെയും യോഗം പത്തനംതിട്ട ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് നടക്കും.
ജില്ലയിലെ എല്ലാ ആരോഗ്യ ബ്ലോക്കുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് അടിയന്തര പ്രതിരോധ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയതായി ഡിഎംഒ ഡോ.ഗ്രേസി ഇത്താക്ക് അറിയിച്ചു. ഡെങ്കിയും ചിക്കുന്‍ഗുനിയയും പരത്തുന്ന ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. പനി, സന്ധിവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന പാട്, തലവേദന, പേശിവേദന എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍.
ഗര്‍ഭസ്ഥ ശിശുക്കളില്‍ തലയോട്ടി ചെറുതാകുന്ന അവസ്ഥയുണ്ടാവും. രോഗ ബാധയുണ്ടാവുന്നവരില്‍ മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ ഇല്ലാത്ത അവസ്ഥയുമുണ്ട്. രോഗബാധയേറ്റാല്‍ ഒരാഴ്ചവരെ കൊതുകിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കും. ലൈംഗിക ബന്ധത്തിലൂടെയും വൈറസ് വ്യാപിക്കുമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.
ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. വീട്ടിനുള്ളിലും പരിസരത്തും ഇതിനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും ഡിഎംഒ അറിയിച്ചു.
Next Story

RELATED STORIES

Share it