kozhikode local

സര്‍ഗാലയില്‍ അന്താരാഷ്ട്ര കരകൗശലമേള ഇന്ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ഇരിങ്ങല്‍ കരകൗശല ഗ്രാമത്തില്‍ അന്താരാഷ്ട്ര കരകൗശല മേളയുടെ ഉദ്ഘാടനം ഇന്ന് 11 മണിക്ക് സര്‍ഗാലയയില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിക്കും. പട്ടികജാതി-ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. കെ ദാസന്‍ എംഎല്‍ എ, ജികെഎസ്എഫ് ഡയറക്ടര്‍ കെ എം മുഹമ്മദ് അനില്‍, ടൂറിസം ഡയറക്ടര്‍ പി ഐ ഷേയ്ഖ് പരീത്, പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുല്‍സു പങ്കെടുക്കും.
കരകൗശല മേളയുടെ ഭാഗമായി നിലവിലുള്ള 61 തരത്തിലുള്ള കരകൗശല യൂനിറ്റുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടേതടക്കം 250 സ്റ്റാളുകളുമാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ 22 സംസ്ഥാനങ്ങളില്‍ നിന്ന് കലാകാരന്‍മാര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഗ്രാന്റ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഒന്‍പതാം സീസണില്‍ ക്രാഫ്റ്റ് മേളയും ഭാഗമാവുന്നുവെന്ന പ്രത്യേകതയും മേളയ്ക്കുണ്ട്. സര്‍ഗാലയിലെ സ്ഥിരം വേദിയില്‍ നാഗാലാന്റില്‍ നിന്നുള്ള കലാകാരന്മാര്‍ നിര്‍മിച്ച ഡ്രൈ ഫഌവര്‍, ചിരട്ടകൊണ്ട് നിര്‍മിച്ച ആഭരണങ്ങള്‍ കരകൗശല വസ്തുക്കള്‍, മുള-ചകിരിനാര് ആഭരണങ്ങള്‍, കടലില്‍ നിന്നും ലഭിക്കുന്ന മുത്തുച്ചിപ്പികൊണ്ട് നിര്‍ച്ച വസ്തുക്കള്‍, കൈതയോല-കുളവാഴനാര് എന്നിവകൊണ്ടു ണ്ടാക്കിയ ബാഗുകള്‍, ലെതര്‍ ബാഗ്, രാമച്ച ബാഗ്, ചെരുപ്പ്, തൊപ്പി, മാഹിയിലെ നൃത്താധ്യാപിക ലിസി മുരളീധരന്‍ നിര്‍മിച്ച നൃത്താഭരണങ്ങള്‍, ബീഹാറിലെ കലാകാരന്മാരുടെ പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ച് വരച്ച മധുബനി പെയിന്റിങ,് പറ, നാഴി, ഇടങ്ങഴി, മുളയുല്‍പന്നങ്ങള്‍, ലോഹത്തകിടില്‍ തീര്‍ത്ത ശില്‍പങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
വടകര മണിയൂര്‍ സ്വദേശി അരുണ്‍ കളിമണ്ണു കൊണ്ടു നിര്‍മിച്ച കടലാമയും ഞണ്ടും മൃഗങ്ങളും പക്ഷികളും മേളയില്‍ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളായി മാറുന്നു.
മ്യൂറല്‍ പെയിന്റിങും ഇതോടൊപ്പം ചെയ്യുന്നുണ്ട്. കളിമണ്ണില്‍ തീര്‍ത്ത ശില്‍പങ്ങള്‍ പ്രത്യേക ചൂളയില്‍ 800 ഡിഗ്രിയില്‍ ചുട്ടെടുത്താണ് ബലം ന ല്‍കുന്നത്. മലപ്പുറം മൊറയൂര്‍ സ്വദേശിളായ സതീഷ് ബാബുവും ഷെറീന സതീഷ്ബാബുവും മരം, കല്ല്, കളിമണ്ണ്, ഫൈബര്‍ ഗ്ലാസ്, കോണ്‍ക്രീറ്റ്, ജിപ്‌സം എന്നിവയില്‍ തീര്‍ത്ത ശില്‍പങ്ങള്‍, മലപ്പുറം പുത്തനത്താണി സ്വദേശി നൗഷാദ് പാഴ്‌വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച കലാരൂപങ്ങള്‍, വാളയാറില്‍ നിന്ന് എത്തിക്കുന്ന മാഞ്ചി പുല്ലുകൊണ്ട് പ്രകതിദത്ത നിറങ്ങള്‍ നല്‍കി നിര്‍മിച്ച പുല്‍പ്പായ തുടങ്ങിയവ മേളയില്‍ വേറിട്ട കാഴ്ചയൊരുക്കുന്നു.
സര്‍ഗാലയിലെ താല്‍കാലിക സ്റ്റാളുകളില്‍ തിരുവനന്തപുരം സ്വദേശിയും ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ എന്‍ ഗോപിനാഥന്‍ മൃഗങ്ങളുടെ കൊമ്പു ഉപയോഗിച്ച് നിര്‍മിച്ച കരകൗശല വസ്തുക്കള്‍ മേളയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പ്രകൃതിദത്തമായ കൂട്ടുക ള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മല്‍സ്യം, മയില്‍, കൊക്ക്, പൂച്ചെടി എന്നീ ശില്‍പങ്ങള്‍ക്ക് 50 വര്‍ഷത്തെ ഗ്യാരണ്ടിയും ഇദ്ദേഹം നല്‍കുന്നുണ്ട്. ശിവകുമാര്‍ സ്വ ര്‍ണം, വെള്ളി, ഓട്, ചെമ്പ് എന്നീ ലോഹങ്ങളില്‍ നിര്‍മിക്കുന്ന വേദിക് മെറ്റല്‍ ആര്‍ട്ട്, ഷാജി സുരേശന്റെ മരത്തില്‍ നിര്‍മിച്ച അലങ്കാര പ്രതിമകള്‍, വയനാട്ടില്‍ നിന്നുള്ള സി പി ശശികല ഉള്ളിത്തോലില്‍ തീര്‍ക്കുന്ന പെയിന്‍ിങ്, ഡല്‍ഹിലെ കാലാകാരന്‍ സിധീര്‍ പദ്‌നിസ് ഒരുക്കിയ ബാട്ടിക് പെയിന്റിങ്, ബീഹാറിലെ മധുബനി പെയിന്റിങ് വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, വളകള്‍, മാലകള്‍, മ്യൂറല്‍ പെയിന്റിങ്, കൈകൊണ്ട് നിര്‍മിച്ച പേപ്പറിലും കാന്‍വാസിലും വരച്ച പെയിന്റിങ്, ഇരുമ്പ് ക്രാഫ്റ്റുകള്‍, ക്രിസ്റ്റല്‍ ക്രാഫ്റ്റുകള്‍ തുടങ്ങിയവ ക്രാഫ്റ്റ് മേളയെ മികവുറ്റതാക്കുന്നു.
ഫിഷറീസ് വകുപ്പ് തീരമൈത്രി പദ്ധതിയുടെ ഭാഗമായി ഒരുക്കിയ അക്വേറിയം, മലബാര്‍ മെഡിക്കല്‍ കോളജിന്റെ സറ്റാള്‍, കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്തുള്ള പരമ്പരാഗതമായ വെങ്കല തൊഴിലാളികള്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍, ആറന്‍മുള കണ്ണാടിയുടെ നിര്‍മാണം, അമ്യൂസ്‌മെന്റ് റൈഡുകള്‍, ബോട്ടിങ്, ഭക്ഷ്യമേള തുടങ്ങിയവയും മേളയിലുണ്ട്.
Next Story

RELATED STORIES

Share it