സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ല:ജേക്കബ് തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ വിമര്‍ശിച്ചിട്ടില്ലെന്ന് ഡിജിപി ജേക്കബ് തോമസിന്റെ മറുപടി.
മന്ത്രിസഭായോഗ തീരുമാനപ്രകാരം ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ജേക്കബ് തോമസ് നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കരുതെന്ന നിബന്ധന തനിക്കറിയാം. മറ്റു പല ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി വിമര്‍ശിക്കാറുണ്ട്. എന്നാല്‍, താന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ല. സത്യം ജയിക്കട്ടെ എന്നു മാത്രമാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും മറുപടിയില്‍ ജേക്കബ് തോമസ് പറഞ്ഞു.
സത്യത്തിനും നീതിക്കും വേണ്ടി മാത്രമാണ് നിലകൊണ്ടിട്ടുള്ളത്. അതിനിയും തുടരും. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടങ്ങളനുസരിച്ച് വകുപ്പ് തലവന്മാര്‍ക്ക് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ക്കാമെന്നിരിക്കേ തനിക്ക് അനുമതി നിഷേധിക്കപ്പെട്ടതായും മറുപടിയില്‍ ജേക്കബ് തോമസ് വ്യക്തമാക്കി.
രണ്ടു തവണയാണ് ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അഗ്നിശമനസേന മേധാവി സ്ഥാനത്തുനിന്നു മാറ്റിയത് സംബന്ധിച്ചും ബാര്‍കോഴയില്‍ വിജിലന്‍സ് കോടതി വിധി വന്നതിനു പിന്നാലെ സത്യം ജയിച്ചുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതുമാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ജേക്കബ് തോമസിന്റെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിശദീകരണം ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it