Alappuzha local

സമൂഹിക വളര്‍ച്ചയ്ക്ക് മഹല്ല് ശാക്തീകരണം ആവശ്യം: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍

ആലപ്പുഴ: സമൂഹത്തിന്റെ മത-സാമൂഹിക വിദ്യാഭ്യാസ വളര്‍ച്ചക്ക്മഹല്ല് ശാക്തീകരണം അനിവാര്യമാണെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെ കാലത്ത് നടന്ന നമ്മുടെ മഹല്ല് സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് മഹല്ലുകളെ സുഭദ്രമാക്കാന്‍ മഹല്ല് ഭാരവാഹികള്‍ തയ്യാറാകണമെന്ന് തങ്ങള്‍ പറഞ്ഞു. മഹല്ലുകള്‍ സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റുകളാണ്, അവിടെ നിന്നാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടത്. കേരളത്തില്‍ മുസ്‌ലിം സമൂഹം ഇത്രയും പുരോഗതി പ്രാപിച്ചത് സമസ്തയുടെ ദീര്‍ഘ വിക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാരണമായാണ്.
നമ്മുടെ മഹല്ല് സെഷനില്‍ പ്രസീഡിയം നിയന്ത്രിച്ചത് കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ എന്നിവരായിരുന്നു. പഞ്ചായത്ത് വികസന മന്ത്രി ഡോ. എം.കെ മുനീര്‍ വിശിഷ്ടാതിത്ഥിയായിരുന്നു.
നമ്മുടെ മഹല്ലുകള്‍ നമ്മുടെ ആചാരങ്ങള്‍ എന്ന വിഷയം ജിഫ് രി മുത്തുക്കോയതങ്ങളും മദ്ഹബുകള്‍ എന്ന വിഷയം എം ടി അബ്ദുല്ല മുസ്‌ലിയാരും മഹല്ല് ശാക്തീകരണം എന്ന വിഷയം യു.ശാഫി ഹാജി ചെമ്മാടും തസ്‌കിയത്തിന്റെ മാര്‍ഗം എന്ന വിഷയം സലാം ബാഖവി ദുബൈയും അവതരിപ്പിച്ചു. വിദേശ പ്രതിനിധികളായി ശൈഖ് ഖിത്വാബ് ഖലീഫ,ശൈഖ് അബ്ദുനൂര്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
കുമരംപുത്തൂര്‍ മുഹത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് കോയ തങ്ങള്‍, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി, ഹാജി കെ മമ്മദ് ഫൈസി, എം.എം മുഹ് യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ് പങ്കെടുത്തു.
Next Story

RELATED STORIES

Share it