kasaragod local

സന്‍സദ്, ആദര്‍ശ് ഗ്രാമം യോജന പദ്ധതി; ദത്തെടുത്ത കരിന്തളം വില്ലേജിലെ പദ്ധതി എങ്ങുമെത്തിയില്ല

നീലേശ്വരം: സന്‍സദ്, ആദര്‍ശ് ഗ്രാമം യോജന പ്രകാരം ദത്തെടുത്ത കരിന്തളം വില്ലേജിലെ പദ്ധതികള്‍ എങ്ങുമെത്തിയില്ല. കേന്ദ്ര സര്‍ക്കാര്‍ എംപിമാര്‍ക്ക് പ്രത്യേക ഫണ്ട് അനുവദിച്ച് ഒരു ഗ്രാമം ദത്തെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ പി കരുണാകരന്‍ എംപി ഇത്തരത്തില്‍ ദത്തെടുത്തത് കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കരിന്തളം വില്ലേജാണ്.
എന്നാല്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. അസി. സെക്രട്ടറി, അക്കൗണ്ടന്റ്, അസി.എന്‍ജിനിയര്‍, യുഡി ക്ലര്‍ക്ക് തുടങ്ങിയവരുടെ അഭാവത്തില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും പഞ്ചായത്തിന് അനുവദിച്ച ഫണ്ടുകളൊന്നും ചെലവഴിക്കാന്‍ സാധിച്ചിട്ടില്ല.
കാര്‍ഷിക ഗ്രാമമായ ഈ പഞ്ചായത്ത് കൃഷി ഓഫിസര്‍, വെറ്റിനറി സര്‍ജന്‍ എന്നിവരുടെ ഒഴിവ് വന്നിട്ട് വര്‍ഷങ്ങളായി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന പഞ്ചായത്തായിട്ടും ഇവിടുത്തെ മൃഗാശുപത്രിയില്‍ ഒരു ഡോക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ പോലും ഇവിടെ പ്രാവര്‍ത്തികമാകുന്നില്ല.
കുടുംബശ്രീ യൂനിറ്റുകളുടെ പ്രവര്‍ത്തനം സജീവമായ പഞ്ചായത്തായിട്ടും പഞ്ചായത്തി ല്‍ അസി. സെക്രട്ടറിയില്ലാത്തതിനാല്‍ ഇവരുടെ പ്രവര്‍ത്തനം പോലും ക്രോഡീകരിക്കപ്പെടുന്നില്ല. പഞ്ചായത്തില്‍ രണ്ട് റോഡുകള്‍ നിര്‍മിക്കാന്‍ ആറ് കോടി രൂപ എംപി ഫണ്ട് അനുവദിച്ചെങ്കിലും അസി. എന്‍ജിനിയര്‍ ഇല്ലാത്തതില്‍ പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുകയാണ്.
പഞ്ചായത്തിലെ ഹെഡ്ക്ലര്‍ക്ക് പോലും ദീര്‍ഘനാളായി അവധിയിലാണ്.
അക്കൗണ്ടന്റ് ആയുര്‍വേദ മെഡിക്കല്‍ ലീവിലാണ്. നിലവില്‍ പഞ്ചായത്ത് ഓഫിസില്‍ രണ്ടോ മൂന്നോ എല്‍ഡി ക്ലര്‍ക്കും ഒരു യുഡി ക്ലര്‍ക്കും മാത്രമാണുള്ളത്. പുതിയ പഞ്ചായത്ത് ഭരണ സമിതി ഏറെ പ്രതീക്ഷയോടെ അധികാരമേറ്റെണ്ടിലും ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഒരു പദ്ധതികളും നടപ്പിലാക്കാനാവാത്ത സ്ഥിതിയാണ്.
കുടുംബശ്രീ കൂട്ടായ്മയിലൂടെ തേനീച്ച ഗ്രാമമെന്ന് അറിയപ്പെടുന്ന കിനാനൂര്‍-കരിന്തളം പഞ്ചായത്ത് കുടുംബശ്രീകള്‍ സജീവമാണെങ്കിലും പദ്ധതികള്‍ ക്രോഡീകരിക്കാന്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പദ്ധതി അവതാളത്തിലാണ്. കന്നുകാലി കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച കന്നുകുട്ടി പരിപാലനം, കാലിത്തീറ്റ വിതരണം തുടങ്ങിയയും ഇവിടെ നടപ്പാവുന്നില്ല.
നാല് ക്ഷീരോല്‍പാദന സഹകരണ സംഘങ്ങളുള്ള ഇവിടെ ഒരു വെറ്റിനറി സര്‍ജനെ പോലും നിയമിക്കാത്തത് കര്‍ഷകരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് എല്ലായിടങ്ങളിലും കന്നുകാലികള്‍ക്ക് വേണ്ട പുല്‍കൃഷിക്ക് ആനുകൂല്യം ലഭിക്കുമ്പോള്‍ ഇവിടെയുള്ള കര്‍ഷകര്‍ പിന്തള്ളപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയും കൃഷി ഓഫിസര്‍ മുഖേന കാച്ചില്‍ ഗ്രാമമായി അറിയപ്പെട്ട ഇവിടെ പുതിയ പദ്ധതികളൊന്നുമില്ല.
തനത് ഫണ്ട് കുറവുള്ള പഞ്ചായത്ത് ആയിട്ടും ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കേന്ദ്ര സംസ്ഥാന പദ്ധതികളൊന്നും വിനിയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. എംപി ദത്തെടുത്ത ഗ്രാമമായിട്ടും ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിധുബാല പറഞ്ഞു.
Next Story

RELATED STORIES

Share it