സംസ്ഥാനം കടുത്ത ഇന്ധനക്ഷാമത്തിലേക്ക്‌

സ്വന്തം പ്രതിനിധി

തൃപ്പൂണിത്തുറ: ഇരുമ്പനത്തെ ഭാരത് പെട്രോളിയം കോര്‍പറേഷന്‍(ബിപിസിഎല്‍) പ്ലാന്റിലെ കരാര്‍ ലോറി ഉടമകളുടെയും തൊഴിലാളികളുടെയും സമരം ഒത്തുതീര്‍ക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം ശക്തമാക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചതോടെ സംസ്ഥാനം കടുത്ത ഇന്ധനക്ഷാമത്തിലേക്കു നീങ്ങുമെന്നുറപ്പായി.അഞ്ചു ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച രാത്രി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

കമ്പനി നേരിട്ട് ഡീലര്‍മാര്‍ക്കു നല്‍കുന്ന പരിഗണന കോണ്‍ട്രാക്റ്റ് വാഹനങ്ങള്‍ക്കും നല്‍കുക, ഇന്ധനം എടുക്കുന്ന ട്രക്കുകള്‍ക്ക് പൊതുവായ ക്യൂ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ബിപിസിഎല്‍ മാനേജ്‌മെന്റ് വന്‍കിട പെട്രോര്‍ പമ്പുടമകളെ സഹായിക്കുന്നു എന്ന ആരോപണമാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്. വന്‍കിട പമ്പുടമകള്‍ക്ക് ലോഡ് കൂടുതല്‍ നല്‍കുന്നതായും ആരോപണമുണ്ട്. കരാര്‍ ലോറികള്‍ക്ക് കൂടുതല്‍ ലോഡ് നല്‍കാമെന്നു ചര്‍ച്ചയില്‍ ബിപിസിഎല്‍ വാക്കാല്‍ സമ്മതിെച്ചങ്കിലും രേഖാമൂലം ഉറപ്പ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒന്നര മാസമെങ്കിലും വേണമെന്ന് കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും ഇവിടെ നിന്നാണ് ഇന്ധനം കൊണ്ടുപോവുന്നത്. 160ഓളം ടാങ്കറുകളാണ് പ്രതിദിനം ഇവിടെ നിന്നു ലോഡുമായി പോവുന്നത്. സ്വന്തമായി വാഹനമുള്ള ഡീലര്‍മാര്‍ കുറച്ച് സ്ഥലങ്ങളിലേക്ക് ഇന്ധനനീക്കം നടത്തുന്നുണ്ട്. സമരം അവസാനിപ്പിക്കാനായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ കടുത്ത ഇന്ധന പ്രതിസന്ധിക്കു കാരണമാവും.

Next Story

RELATED STORIES

Share it