സംഭരണികളിലേക്കുള്ള നീരൊഴുക്ക് കുറയുന്നു; ആഭ്യന്തര വൈദ്യുതോല്‍പാദനം വീണ്ടും വെട്ടിക്കുറച്ചു

എസ് ഷാജഹാന്‍

പത്തനംതിട്ട: കാലാവസ്ഥാ വ്യതിയാനവും വരാനിരിക്കുന്ന വേനലും വൈദ്യുത ബോര്‍ഡിനെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിനീക്കുന്നു. സംസ്ഥാനത്തെ ജലസംഭരണികളില്‍ പരമാവധി ജലം സംഭരിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ട് വൈദ്യുതിയുടെ ആഭ്യന്തരോല്‍പാദനം വീണ്ടും അധികൃതര്‍ വെട്ടിക്കുറച്ചു.
സംസ്ഥാനത്തെ ഇപ്പോഴത്തെ ശരാശരി വൈദ്യുതോപഭോഗം 61.54 ദശലക്ഷം യൂനിറ്റാണ്. കഴിഞ്ഞ 21ന് 63.34 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉപഭോഗം. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഉപഭോഗമാണ് ഇത്. ശനിയാഴ്ച മാത്രം 57.92 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുടെ ഉപഭോഗമാണ് സംസ്ഥാനത്തുണ്ടായത്. നിലവില്‍ ആവശ്യമുള്ള ശരാശരി വൈദ്യുതിയുടെ 14.48 ദശലക്ഷം യൂനിറ്റ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുകയും 47.06 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നു വാങ്ങുകയുമാണ് ചെയ്യുന്നത്.
ഈ മാസം 27 വരെ 1600.03 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുടെ ഉപഭോഗമാണ് സംസ്ഥാനത്തുണ്ടായത്. ഇതില്‍ 376.38 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പാദനവും 1223.65 ദശലക്ഷം യൂനിറ്റ് ഇറക്കുമതി ചെയ്തതുമാണ്.
16.88 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തിന്റെ നിലവിലെ ഉല്‍പാദനശേഷി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് സംഭരിച്ചിരിക്കുന്ന വെള്ളം മാത്രം ഉപയോഗിച്ച് വൈദ്യുതിവിതരണം നടത്തിയാല്‍ 45 ദിവസത്തേക്കാവശ്യമായ ജലം മാത്രമാണ് സംഭരണികളിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തോളം കുറവാണ് ഇത്. ഗ്രൂപ്പ് ഒന്നില്‍പ്പെടുന്ന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 65 ശതമാനവും ഗ്രൂപ്പ് രണ്ടില്‍ 80 ശതമാനവും ഗ്രൂപ്പ് മുന്നില്‍ 49 ശതമാനവും ജലമാണുള്ളത്.
Next Story

RELATED STORIES

Share it