Idukki local

സംഘടിത കൊട്ടിക്കലാശമൊരുക്കി എല്‍ഡിഎഫ്; വാര്‍ഡുകളിലേയ്ക്കു മാറി യുഡിഎഫ്

കട്ടപ്പന: പരസ്യ പ്രചാരണത്തിന്റെ അവസാന മിനിറ്റുകളില്‍ നഗരസഭയിലെ എല്ലാ സ്ഥാനാര്‍ഥിമാരെയും അണിനിരത്തി എല്‍ഡിഎഫ് ശക്തിപ്രകടനം നടത്തിയപ്പോള്‍ ഓരോ വാര്‍ഡും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം കാഴ്ചവച്ച് യുഡിഎഫും ബിജെപിയും കൊട്ടിക്കലാശം നടത്തി. നഗരസഭയിലെ 34 വാര്‍ഡുകളിലെയും സ്ഥാനാര്‍ഥിമാരെ അണിനിരത്തിക്കൊണ്ടുള്ള പ്രകടനത്തോടെയാണ് ഇടതുമുന്നണിയും കട്ടപ്പന വികസന സമിതിയും കൊട്ടിക്കലാശത്തിനു തുടക്കമിട്ടത്.
ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച പ്രകടനം സെന്‍ട്രല്‍ ജങ്ഷനിലൂടെ പോലീസ് സ്‌റ്റേഷന്‍ കടന്ന് ഗുരുമന്ദിരം റോഡിലൂടെ പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ എത്തി സമാപിച്ചു. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ സ്ഥാനാര്‍ഥിമാരുടെ ചിത്രങ്ങളടങ്ങിയ ഫഌക്‌സ് ബോര്‍ഡുകളുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ അണിനിരന്നത്.
സ്ഥാനാര്‍ഥികളെ മുന്‍നിരയില്‍ നിര്‍ത്തിയായിരുന്നു പ്രകടനം. ഇതിനുശേഷം ചേര്‍ന്ന യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി., മാത്യു വര്‍ഗീസ്, വി.ആര്‍. സജി, സി.എസ്. രാജേന്ദ്രന്‍, ടോമി ജോര്‍ജ്, പി.കെ. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അതേസമയം നഗരസഭയിലെ ഓരോ വാര്‍ഡുകളും കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫിന്റെ പ്രചരണം. അതാതു വാര്‍ഡുകളിലുടെ അണികള്‍ക്കൊപ്പം പ്രകടനമായി സഞ്ചരിച്ച് പ്രധാന ജങ്ഷനുകളിലെത്തിയാണ് സ്ഥാനാര്‍ഥികള്‍ കൊട്ടിക്കലാശം നടത്തിയത്.
ഒന്നിലധികം വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ഥിമാരും അണികളും കൊട്ടിക്കലാശം നടത്തി. യു.ഡി.എഫിനു ഭീഷണിയായി രംഗത്തുള്ള വിമത സ്ഥാനാര്‍ഥിമാരും കൊട്ടിക്കലാശം പൊടിപൊടിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു ഇവരുടെയും കൊട്ടിക്കലാശം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ബി.ജെ.പിയും പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചത്.
Next Story

RELATED STORIES

Share it