ഷീന ബോറ കേസ് : പീറ്റര്‍ മുഖര്‍ജിക്കെതിരേ കൊലക്കുറ്റം

മുംബൈ: ഷീന ബോറ വധക്കേസില്‍ അറസ്റ്റിലായ മുന്‍ മാധ്യമരാജാവും ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവുമായ പീറ്റര്‍ മുഖര്‍ജിക്കെതിരേ കൊലക്കുറ്റം ചുമത്തി. വ്യാഴാഴ്ച അറസ്റ്റിലായ പീറ്റര്‍ മുഖര്‍ജിയെ കോടതി തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.
ഗൂഢാലോചനയ്ക്കും മുഖര്‍ജിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലുള്ള മകളായ ഷീന ബോറയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പീറ്റര്‍ പങ്കാളിയായതായി സിബിഐ മെട്രോപോളിറ്റന്‍ കോടതിയെ അറിയിച്ചു. കൊലപാതകസമയത്തും അതിനു മുമ്പും പിമ്പും ഇന്ദ്രാണി മുഖര്‍ജിയുമായി പീറ്റര്‍ നിരന്തരം ആശയവിനിമയം നടത്തിയതായും സിബിഐ അറിയിച്ചു. കേസിന്റെ വിചാരണ സെഷന്‍സ് കോടതിക്കു കൈമാറിയ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പ്രതികളായ ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരെ ഡിസംബര്‍ മൂന്നിനു ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുല്‍ മുഖര്‍ജിയെ സിബിഐ ചോദ്യംചെയ്തു. മുംബൈയിലെ സിബിഐ ഓഫിസിലേക്കു വിളിപ്പിച്ച രാഹുലിനെ 12 മണിക്കൂറോളം ചോദ്യംചെയ്തു.
ഷീന, ഇന്ദ്രാണിയുടെ സഹോദരിയല്ലെന്നും മകളാണെന്നും പീറ്റര്‍ മുഖര്‍ജിയോടു വെളിപ്പെടുത്തിയിരുന്നോ എന്ന് സിബിഐ ആരാഞ്ഞു. രാഹുലിന്റെയും പിതാവ് പീറ്ററിന്റെയും മൊഴികള്‍ സിബിഐ പരിശോധിച്ചു.
തന്റെ പിതാവിന്റെ അറസ്റ്റ് നടുക്കമുണ്ടാക്കുന്നതാണെന്നും കൊലപാതകത്തെക്കുറിച്ച് തന്റെ പിതാവിനു ഒന്നുമറിയില്ലെന്നാണ് വിശ്വസിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it