ശിരോവസ്ത്രം: സിബിഎസ്ഇ അപ്പീല്‍ നല്‍കി

കൊച്ചി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രത്തിനും കൈ മറയ്ക്കുന്നതിനും അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സിബിഎസ്ഇ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്രധാരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനി നല്‍കിയ ഹരജിയിലെ ഉത്തരവിനെതിരെയാണ് അപ്പീല്‍.
പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥിനികളുടെ ശിരോവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ അനുമതിയുണ്ടെന്നും അതിനായി മതവികാരത്തെ വ്രണപ്പെടുത്താത്ത രീതിയില്‍ വനിതാ ഇന്‍വിജിലേറ്റര്‍മാരെ ചുമതലപ്പെടുത്തണമെന്നുമുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം നടപ്പാക്കല്‍ അപ്രായോഗികമാണെന്ന് അപ്പീലില്‍ സിബിഎസ്ഇ ചൂണ്ടിക്കാട്ടി. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ വനിതാ ഇന്‍വിജിലേറ്റര്‍മാരെ മുഴുവന്‍ സെന്ററുകളിലും നിയമിക്കുക അപ്രായോഗികമാണ്. മതപരമായ വിശ്വാസം സംരക്ഷിക്കേണ്ടതുണ്ടെങ്കിലും ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വൈകിയ വേളയില്‍ കഴിയില്ല. പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നും അപ്പീലില്‍ പറയുന്നു. ഹരജി ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാമിക വിശ്വാസപ്രകാരം മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറയ്ക്കാനും അതു പാലിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
Next Story

RELATED STORIES

Share it