ശാന്ത ജയറാമിനെതിരേ പ്രതിഷേധം; ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥിയാവും

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് അംഗീകരിച്ച കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടാന്‍ ആവാതെപോയ മുതിര്‍ന്ന വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലത്തു സ്ഥാനാര്‍ഥിയാവും. ഒറ്റപ്പാലത്ത് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ശാന്ത ജയറാമിനെതിരേ കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ഷാനിമോളെ പരിഗണിക്കുന്നത്.
ഷാനിമോള്‍ ഉസ്മാനുമായി കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ സിപിഎമ്മിലെ കെ എസ് സലീഖയ്‌ക്കെതിരേ 13,493 വോട്ടിനു പരാജയപ്പെട്ട ശാന്ത ജയറാമിനെയാണ് കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ഥിയാക്കിയത്. പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പ്രചാരണ രംഗത്തിറങ്ങാന്‍ ശാന്ത ജയറാമിന് ഇതേവരെ കഴിഞ്ഞിട്ടില്ല. നേരത്തെ വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ട ശാന്ത ജയറാമിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക നേതാക്കള്‍. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയെ മാറ്റുന്നതാണ് ഉചിതമെന്ന് പാലക്കാട് ഡിസിസി കെപിസിസിക്ക് റിപോര്‍ട്ട് നല്‍കി. ശക്തരായ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ജയിക്കാന്‍ സാധിക്കുമെന്നും ഡിസിസി അറിയിച്ചു. തുടര്‍ന്നാണ് ഷാനിമോള്‍ ഉസ്മാനെ ഒറ്റപ്പാലത്തു മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചത്.
ഷാനിമോളുമായി ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥിയാവാന്‍ ഷാനിമോള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡുമായും കെപിസിസി പ്രസിഡന്റ് ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി. ഒറ്റപ്പാലത്തു മല്‍സരിക്കുന്നതില്‍ ഷാനിമോള്‍ക്കു സമ്മതമാണെങ്കില്‍ എതിര്‍പ്പില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
ഡല്‍ഹിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഒറ്റപ്പാലത്ത് ഷാനിമോളോ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയോ മല്‍സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പൊതുവേ ഇടതിനോടു ചായ്‌വുള്ള ഈ മണ്ഡലത്തില്‍ മല്‍സരിക്കില്ലെന്നായിരുന്നു രണ്ടുപേരും നിലപാടു സ്വീകരിച്ചത്. തുടര്‍ന്നാണ് ശാന്ത ജയറാമിനെ പരിഗണിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ അമ്പലപ്പുഴ സീറ്റില്‍ ഷാനിമോളെ പരിഗണിച്ചിരുന്നു. എന്നാല്‍, അവസാനനിമിഷം അമ്പലപ്പുഴ സീറ്റ് ജെഡിയുവിനു നല്‍കാന്‍ തീരുമാനിച്ചതോടെ ഷാനിമോള്‍ പട്ടികയില്‍ നിന്നു പുറത്തായി. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇത്തവണ പി ഉണ്ണിയാണ് ഒറ്റപ്പാലത്ത് സിപിഎം സ്ഥാനാര്‍ഥി. രാഷ്ട്രീയ രംഗത്ത് അരനൂറ്റാണ്ടിലേറെ സജീവ സാന്നിധ്യമായിട്ടും സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ പി ഉണ്ണി നിയമസഭയിലേക്ക് ആദ്യമായാണു മല്‍സരിക്കുന്നത്.
Next Story

RELATED STORIES

Share it