thrissur local

ശാക്തീകരണത്തിന് ഇനി ഗ്ലോബല്‍ ഗ്രാമസഭ

മുളംകുന്നത്തുകാവ്: പ്രവാസികളുടെ സഹകരണത്തോടെ ഗ്രാമസഭകളുടെ ശാക്തീകരണത്തിനു കിലയുടെ പുതിയ നീക്കം.
ഓരോ പഞ്ചായത്തില്‍നിന്നു തൊഴില്‍ തേടി ഇന്ത്യക്കു പുറത്തും മറ്റു സംസ്ഥാനങ്ങളിലുമായി കഴിയുന്നവരെ കണ്ടെത്തി ഗ്ലോബല്‍ ഗ്രാമസഭകള്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് കില ഡയറക്ടര്‍ ഡോ.പിപി ബാലന്‍ പറഞ്ഞു. കതിരൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്ലോബല്‍ ഗ്രാമസഭകളുടെ മാതൃക മറ്റു പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണു നീക്കം. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കിലയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാലയില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളുടേയും സന്നദ്ധസംഘടനകളുടേയും പ്രതിനിധികള്‍ പങ്കെടുത്തു. കില ഡയറക്ടര്‍ ഡോ.പിപി ബാലന്‍ അധ്യക്ഷനായിരുന്നു. ഡോ.പീറ്റര്‍ എം രാജ്, കോര്‍ഡിനേറ്റര്‍ പി വിരാമകൃഷ്ണന്‍, എക്സ്റ്റഷന്‍ ഫാക്കല്‍റ്റി കെ ഗോപാലകൃഷ്ണന്‍, കതിരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ വി പവിത്രന്‍, വൈസ് പ്രസിഡന്റ് പിപി സനില്‍ സംസാരിച്ചു.
പ്രവാസികളെ കണ്ടെത്തുന്നതിനു ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ ആദ്യം സര്‍വേ നടത്തും. തുടര്‍ന്ന് ഇലക്‌ട്രോണിക്ക് മാധ്യമങ്ങളിലൂടെ അവരെ വിളിച്ചു സംസാരിക്കും. വിളിക്കുന്ന ദിവസം മുന്‍കൂട്ടി അറിയിക്കും. വികസന-ഭരണ-സേവനരംഗങ്ങളില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അവര്‍ക്കുള്ള സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ കൈകൊള്ളുകയും ചെയ്യും. പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്കു ആവശ്യമായ സേവനങ്ങള്‍ നല്‍കാനും നടപടി സ്വീകരിക്കും.
ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം, ടൂറിസം തുടങ്ങിയ മേഖലകളില്‍ നിക്ഷേപകരാകാനും സംരംഭകരാകാനും അവസരമൊരുക്കും. വിവിധ രംഗങ്ങളിലുള്ള പ്രവാസികളുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുന്നതിനും ഇതു സഹായകമാകും.
Next Story

RELATED STORIES

Share it