Most commented

ശബ്ദമില്ലാത്ത ലോകത്ത് വാചാലരായി അവര്‍ ഒത്തുകൂടുന്നു

ശബ്ദമില്ലാത്ത ലോകത്ത് വാചാലരായി അവര്‍ ഒത്തുകൂടുന്നു
X
khatr
എം ടി പി റഫീക്ക്

ദോഹ: വിധിയെ പഴിച്ച് ഉള്‍വലിയുന്നതിന് പകരം ഖത്തറില്‍ തങ്ങളുടേതായ ഒരു പുതുലോകം സൃഷ്ടിക്കുകയാണ് കേള്‍വി ശക്തിയും സംസാര ശേഷിയുമില്ലാത്ത ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അന്നംതേടി ഇവിടെയെത്തിയ ഇവര്‍ ആഴ്ചതോറും ഒത്തുകൂടുന്നു. നേടിയ അറിവുകളും അനുഭവങ്ങളും നിശ്ശബ്ദമായി പങ്കുവയ്ക്കുന്നു. ആത്മീയ ഉണര്‍വ് പകരുന്ന ഉപദേശങ്ങള്‍ കൈമാറുന്നു. എപ്പോഴും ചുണ്ടിലൊരു പുഞ്ചിരി സൂക്ഷിക്കുന്ന പാനൂര്‍ സ്വദേശി നിസാറാണ് ഇവരുടെ നായകന്‍. ഈ 15ഓളം ചെറുപ്പക്കാര്‍ക്ക് ആഴ്ചതോറും ഒത്തുകൂടുന്നതിന് ഇപ്പോള്‍ ഖത്തര്‍ ഗസ്റ്റ് സെന്റര്‍ താല്‍ക്കാലിക സൗകര്യമൊരുക്കിയിട്ടുണ്ട്. മിക്കവരും നാട്ടില്‍ വച്ചുതന്നെ പരിചയമുള്ളവരാണ്. പഠിക്കുന്ന സമയത്തും കളിക്കിടയിലും യാത്രകളിലും പരിചയപ്പെട്ട അവര്‍ നാട്ടില്‍ ഒരു കൂട്ടായ്മയായി മാറുകയായിരുന്നു. ഇവര്‍ തന്നെ മുന്‍കൈയെടുത്ത് കുറ്റിയാടിയിലെ വാടക കെട്ടിടത്തില്‍ സ്വന്തമായി കള്‍ച്ചറല്‍ സെന്റര്‍ ഓഫ് ഡഫ് എന്ന പേരില്‍ ഒരു കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. 17 വയസ്സു മുതല്‍ 35 വയസ്സുവരെയുള്ള 60ഓളം പുരുഷന്മാരും 25ഓളം സ്ത്രീകളും ഇവിടെ സ്ഥിരമായി ഒത്തുകൂടാറുണ്ട്. മാസം 7,000 രൂപയാണ് ഈ സെന്ററിന്റെ വാടക.  ഖത്തറില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ തങ്ങളുടെ വരുമാനത്തില്‍നിന്ന് ഒരു പങ്ക് നല്‍കിയാണ് ഇത് നടത്തിക്കൊണ്ടു പോവുന്നതെന്ന് നിസാര്‍ വ്യക്തമാക്കി. ഫിഷ് മാര്‍ക്കറ്റില്‍ ലോഡിങ്, ബേക്കറിയില്‍ കേക്ക് ഡിസൈനിങ്, ഓഫിസ് ബോയ്, സെയില്‍സ്മാന്‍, ഡാറ്റ എന്‍ട്രി തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഖത്തറിലെ കൂട്ടായ്മയിലുണ്ട്. കടലാസില്‍ എഴുതിയും മൊബൈലില്‍ ടൈപ്പ് ചെയ്തും മനസ്സിലാവുന്ന ആംഗ്യത്തിലൂടെയുമാണ് ജോലിക്കിടയില്‍ മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നതെന്ന് നിസാര്‍ പറഞ്ഞു. സ്ഥിരമായി കാണുന്നവര്‍ക്ക് ക്രമേണ സൈന്‍ ലാംഗ്വേജിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കും. അതോടെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവും. ഖത്തറില്‍ ഒത്തുകൂടുന്നതിന് പ്രൊജക്റ്ററും ലൈബ്രറിയുമൊക്കെയുള്ള ഒരു സ്ഥിരം കേന്ദ്രം വേണമെന്ന ആഗ്രഹത്തിലാണ് ഇവര്‍. അതോടൊപ്പം കുറ്റിയാടി സെന്ററിലും ലൈബ്രറിയും എഴുതാന്‍ സൗകര്യത്തോടെയുള്ള ഇരിപ്പിടങ്ങളുമൊക്കെ സജ്ജീകരിക്കണമെന്നുണ്ട്. ആശയ വിനിമയം ഒരു തടസ്സമായതിനാല്‍ പലപ്പോഴും ഇത് മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പ്രയാസപ്പെടുന്നുണ്ടെന്നും നിസാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it