ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രപ്രവേശനം; സ്ത്രീകളെ ഗ്രാമീണര്‍ തടഞ്ഞു

അഹ്മദ്‌നഗര്‍: ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തിലേക്ക് കടക്കാനെത്തിയ സ്ത്രീകളെ ഗ്രാമീണര്‍ തടഞ്ഞു. ക്ഷേത്രപ്രവേശനം സ്ത്രീകളുടെ മൗലികാവകാശമാണെന്ന് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ സ്ത്രീകളെത്തിയത്.
എന്നാല്‍, പുരുഷന്മാരായ ഗ്രാമീണരും ക്ഷേത്ര ഭാരവാഹികളും അവരെ തടയുകയായിരുന്നു. ഭൂമാതാ രണ്‍രാഗിണി ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ അവര്‍ക്ക് പ്രവേശിക്കാനായില്ല. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നടപടിയൊന്നുമുണ്ടായില്ല. കോടതിവിധി നടപ്പാക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ ധര്‍ണ നടത്തി.
സ്ത്രീകള്‍ക്ക് ആരാധന നിഷേധിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരേ കേസ് ഫയല്‍ ചെയ്യുമെന്ന് തൃപ്തി ദേശായി അറിയിച്ചു. തങ്ങളെ തടഞ്ഞ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേയും നിയമനടപടിയുണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമാധാനപരമായി ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കാനും ശനിദേവനെ തൊഴാനും സ്ത്രീകള്‍ക്ക് അവസരമൊരുക്കാന്‍ പ്രാദേശിക ഭരണകൂടത്തിനും പോലിസിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം ഒഴിവാക്കാന്‍ ക്ഷേത്രത്തില്‍ പോലിസിനെ വിന്യസിച്ചിരുന്നെങ്കിലും അവര്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ കടക്കാന്‍ സഹായിച്ചില്ല. അതിനിടെ ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
പ്രദേശത്ത് സ്ഥിതി സമാധാനപരമാണെന്ന് അഡീഷനല്‍ എസ്പി പങ്കജ് ദേശ്മുഖ് അറിയിച്ചു. ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്ന ഹരജി തിര്‍പ്പുകല്‍പിക്കവെയാണ് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി സുപ്രധാന ഉത്തരവിറക്കിയത്.
Next Story

RELATED STORIES

Share it