kasaragod local

വ്യാപാരി നേതാക്കളെ ചുമട്ടുതൊഴിലാളികള്‍ കൈയേറ്റം ചെയ്തു

വെള്ളരിക്കുണ്ട്: പരപ്പയിലെ ചുമട്ടുതൊഴിലാളി പ്രശ്‌നം പരിഹരിക്കാനെത്തിയ വ്യാപാരി നേതാക്കളെ തൊഴിലാളികള്‍ കൈയ്യേറ്റം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറിയും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി അംഗവുമായ ടി എം ജോസ് തയ്യിലിനേയും പരപ്പയിലെ വ്യാപാരികളായ സി എച്ച് മുഹമ്മദുകുഞ്ഞി, പ്രമോദ് എന്നിവരെയുമാണ് കയ്യേറ്റം ചെയ്തത്. പരപ്പയിലെ സിഎച്ച് സ്റ്റോഴ്‌സ് ഉടമ മുഹമ്മദ്കുഞ്ഞിയുടെ കടയില്‍ ചില പ്രശ്‌നങ്ങളുടെ പേരില്‍ തൊഴിലാളികള്‍ കയറ്റിറക്ക് ജോലി ബഹിഷ്‌ക്കരിച്ചിരുന്നു.
ഇതു സംബന്ധിച്ച് യൂനിറ്റ് പ്രസിഡന്റ് എം പി ജോസഫ് ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ പ്രശ്‌നം പരിഹരിക്കാന്‍ പരപ്പയിലെത്തിയത്. ഇതു സംബന്ധിച്ചു ഇവര്‍ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനുമായി ബന്ധപ്പെടുകയും അദ്ദേഹം സിഎച്ച് സ്റ്റോഴ്‌സിലെ കയറ്റിറക്ക് നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ ഇതിനു വഴങ്ങിയില്ല. ഇതേതുടര്‍ന്ന് വ്യാപാരി നേതാക്കളുടെ നേതൃത്വത്തില്‍ സിഎച്ച് സ്റ്റോഴ്‌സിലെത്തിയതോടെ തൊഴിലാളികള്‍ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് വ്യാപാരി നേതാക്കള്‍ ആരോപിച്ചു. മലയോരത്ത് സംയുക്ത ട്രേഡ് യൂനിയന്‍ പണിമുടക്ക് നടത്തിയ ദിവസം കര്‍ണാടകയില്‍ നിന്നും 570 ചാക്കു മണല്‍ കാരാട്ട് നിര്‍മാണം പുരോഗമിക്കുന്ന വീടിനു സമീപം അവിടുത്തെ തൊഴിലാളികളെ വച്ച് ഇറക്കിയിരുന്നു. ഇതില്‍ കുപിതരായ പരപ്പ ടൗണിലെ ചുമട്ടുതൊഴിലാളികള്‍ 570 ചാക്കിന് 5700 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഇതോടെയാണ് കയറ്റിറക്ക് ബഹിഷ്‌ക്കരിച്ചത്. വ്യാപാരികള്‍ കയ്യേറ്റത്തിനിരയാകുമ്പോള്‍ വെള്ളരിക്കുണ്ട് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് ഉണ്ടായിരുന്നെങ്കിലും സംരക്ഷണം നല്‍കാന്‍ തയാറായില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. കയ്യേറ്റത്തിനിരയായ മൂവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഉച്ചവരെയും മലയോര മേഖലയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയും വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തും.
Next Story

RELATED STORIES

Share it