വോള്‍ട്ടേജ് ക്ഷാമം ഉടന്‍ പരിഹരിക്കും: കെഎസ്ഇബി

തിരുവനന്തപുരം: വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അനുഭവപ്പെടുന്ന വോള്‍ട്ടേജ് ക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് കെഎസ്ഇബി.
കര്‍ണാടകയിലെ ശരാവതി പവര്‍ഹൗസ് തീപിടിച്ചതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവര്‍ത്തനക്ഷമമല്ലാതാവുകയും അവിടെനിന്നുള്ള ഉല്‍പ്പാദനം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്തു. ഇതിനാല്‍ 400 കെ വി അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയില്‍ ഉണ്ടായിട്ടുള്ള വോള്‍ട്ടേജ് കുറവുകാരണം കേരളത്തിലുടനീളം വോള്‍ട്ടേജ് കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. സേലം, ഉദുമല്‍പ്പേട്ട്, പാലക്കാട്, മാടക്കത്തറ സബ്‌സ്റ്റേഷനുകളിലും വോള്‍ട്ടേജ് കുറവുണ്ടാവുകയും മൈസൂര്‍ അരീക്കോട് 400 കെവി ലൈനുകളിലൂടെയുള്ള വൈദ്യുതി ലഭ്യത ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്.
കേരളത്തിനുള്ളിലെ വൈദ്യുതിവിതരണം സുഗമമാക്കുന്നതിനായി മാടക്കത്തറയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വടക്കന്‍ കേരളത്തിലേക്കു ലഭ്യമാക്കാന്‍ നടപടികളെടുക്കുകയും കുറ്റിയാടി, ഇടുക്കി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം കൂട്ടിയും, വൈകുന്നേരങ്ങളില്‍ കെഡിപിപിയില്‍ നിന്ന് ഉല്‍പ്പാദനം പുനരാരംഭിച്ചുമാണ് വൈദ്യുതിവിതരണം തടസ്സപ്പെടാതെ നിലനിര്‍ത്തുന്നത്. കൂടാതെ കേരളത്തിലെ ജനറേറ്ററുകള്‍ ഉപയോഗിച്ചും കപ്പാസിറ്റര്‍ ബാങ്കുകളുപയോഗിച്ചും ഈ വോള്‍ട്ടേജ് കുറവിനെ പരമാവധി പ്രതിരോധിച്ചുവരുന്നു. ശരാവതി പവര്‍ഹൗസില്‍ താല്‍ക്കാലിക കണ്‍ട്രോള്‍ റൂം സജ്ജമാക്കി ഈ മാസാവസാനത്തോടെ മൂന്ന് ലൈനുകളും മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമമാക്കുമെന്നും ഇതോടെ വോള്‍ട്ടേജ് നിലവാരം ഉയര്‍ത്താന്‍ സാധിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
Next Story

RELATED STORIES

Share it