വോട്ട് വര്‍ധനയില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍ഡിഎ

എ എം ഷമീര്‍ അഹ്മദ്

തിരുവനന്തപുരം: ശക്തമായ ത്രികോണമല്‍സരങ്ങള്‍ നടന്ന തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളില്‍ ജില്ലാ ശരാശരിയേക്കാള്‍ വോട്ടിങ് ശതമാനം വര്‍ധിച്ചതില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ മല്‍സരിച്ച നേമം, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മല്‍സരിച്ച വട്ടിയൂര്‍ക്കാവ്, മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ മല്‍സരിച്ച കഴക്കൂട്ടം, കേന്ദ്രസമിതിയംഗം പി കെ കൃഷ്ണദാസ് മല്‍സരിച്ച കാട്ടാക്കട മണ്ഡലങ്ങളാണ് ബിജെപി വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. വര്‍ധിച്ച വോട്ടുകള്‍ മണ്ഡലത്തിലെ എന്‍ഡിഎ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു.
അതേസമയം, എന്‍ഡിഎ മുന്നണി പ്രതീക്ഷവയ്ക്കുന്ന മറ്റൊരു മണ്ഡലമായ തിരുവനന്തപുരത്ത് വോട്ടിങ് ശതമാനത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍നിന്നു നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത് ബിജെപിക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ബിജെപി അക്കൗണ്ട് തുറക്കുകയാണെങ്കില്‍ അതു നേമത്തായിരിക്കുമെന്നാണ് ഒട്ടുമിക്ക രാഷ്ട്രീയനിരീക്ഷകരുടെയും വിലയിരുത്തല്‍. മണ്ഡലത്തില്‍ നിര്‍ണായകമായ ന്യൂനപക്ഷ വോട്ടര്‍മാരില്‍ ബിജെപിക്കെതിരായ വോട്ടേകീകരണം ഉണ്ടാവുമെന്ന് പാര്‍ട്ടി നേരത്തേ കണക്കുകൂട്ടിയിട്ടുണ്ട്. ഇതു മറികടക്കുന്നതിനായി മൊത്തം പോള്‍ ചെയ്യുന്ന വോട്ടുകളില്‍ 51 ശതമാനം നേടുകയായിരുന്നു ലക്ഷ്യം. ഇതിനായി ടാര്‍ജറ്റ് 51 എന്ന പ്രത്യേക കാംപയിന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഇത് ഫലം കാണുമെന്നുതന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.
കുമ്മനം രാജശേഖരന്‍ മല്‍സരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് ചെറിയ മുന്‍തൂക്കമു—ണ്ടെങ്കിലും അടിയൊഴിക്കുകളാവും കാര്യങ്ങള്‍ നിശ്ചയിക്കുക. കഴക്കൂട്ടത്തും കാട്ടാക്കടയിലും ശക്തമായ പ്രചാരണമാണ് പാര്‍ട്ടി നടത്തിയത്.
Next Story

RELATED STORIES

Share it