വേതനത്തര്‍ക്കം: മലയാള ചലച്ചിത്ര നിര്‍മാണമേഖല സ്തംഭനത്തിലേക്ക്

കൊച്ചി: മലയാള ചലച്ചിത്ര നിര്‍മാണമേഖല പ്രതിസന്ധിയിലേക്കു നീങ്ങുന്നു. സാങ്കേതിക വിദഗ്ധരുടെ വേതനവര്‍ധനയെച്ചൊല്ലി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും തമ്മില്‍ തര്‍ക്കം രൂക്ഷമാവുന്നു. ഫെഫ്കയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഏകപക്ഷീയ വേതനവര്‍ധന അംഗീകരിക്കില്ലെന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിത്രീകരണം നടന്നുവന്നിരുന്ന ചലച്ചിത്രങ്ങളുടെ നിര്‍മാതാക്കളില്‍ നിന്നു ബലമായി ഈടാക്കിയ അധികതുക തിരിച്ചുനല്‍കാതെ ഫെഫ്കയുമായി സഹകരിക്കില്ലെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.
സാങ്കേതിക വിദഗ്ധരുടെയും താരങ്ങളുടെയും വന്‍ പ്രതിഫലം നിമിത്തം ഇപ്പോള്‍ തന്നെ ചലച്ചിത്ര വ്യവസായം നഷ്ടത്തിലാണ്. സാങ്കേതിക വിദഗ്ധര്‍ക്കും താരങ്ങള്‍ക്കും പണം നല്‍കാന്‍ മാത്രം സിനിമ നിര്‍മിക്കുകയെന്നതാണ് നിലവിലെ അവസ്ഥ. ഫെഫ്ക മുന്നോട്ടുവച്ചിരിക്കുന്ന 33 ശതമാനം വേതന വര്‍ധന ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മൂന്നുവട്ടം ഫെഫ്കയുമായി ചര്‍ച്ചനടത്തിയെങ്കിലും വിഷയത്തില്‍ തീരുമാനമായിരുന്നില്ല. പിടിച്ചു വാങ്ങിയ പണം തിരികെ അതത് നിര്‍മാതാക്കള്‍ക്ക് നല്‍കാതെ ഫെഫ്കയുമായി ഇനി ചര്‍ച്ചയ്ക്കില്ല.
നിലവില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിക്കൊണ്ടിരിക്കുന്ന വേതന വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറുള്ളവരെ സഹകരിപ്പിച്ചുകൊണ്ട് സിനിമ ചിത്രീകരണം തുടരും. ആരും തയ്യാറാവുന്നില്ലെങ്കില്‍ ജനുവരി ഒന്നു മുതല്‍ സിനിമ ചിത്രീകരണം നിര്‍ത്തിവയ്ക്കുമെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. അതേസമയം, തൊഴിലാളികളുടെ വര്‍ധിപ്പിച്ച വേതനം പിന്‍വലിക്കില്ലെന്നും ഈ നിരക്കില്‍ വേതനം നല്‍കാന്‍ കഴിയുന്ന നിര്‍മാതാക്കളുടെ ചിത്രങ്ങളില്‍ മാത്രമേ സഹകരിക്കൂവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പ് ഒപ്പുവച്ച വേതനക്കരാര്‍ സപ്തംബര്‍ 16ന് അവസാനിക്കുകയും പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച നീട്ടിക്കൊണ്ടു പോവുകയും ചെയ്ത സാഹചര്യത്തിലാണ് ന്യായമായ വര്‍ധന വരുത്താന്‍ ഫെഫ്ക തീരുമാനിച്ചതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിര്‍മാണച്ചെലവിന്റെ ഒരു ശതമാനം പോലുമില്ലാത്ത ഈ വര്‍ധന ന്യായമാണെന്നു ബോധ്യപ്പെട്ടതിനാല്‍ അഞ്ചു നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ച നിരക്ക് നല്‍കാന്‍ സ്വമേധയാ തയ്യാറാവുകയായിരുന്നു. ഒരു നിര്‍മാതാവില്‍ നിന്നും ബലമായി വേതനം ഈടാക്കിയിട്ടില്ല. വാങ്ങിയ തുക തിരിച്ചുകൊടുത്തുകൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും എന്നാല്‍, നിരുപാധിക ചര്‍ച്ചയ്ക്ക് എപ്പോഴും തയ്യാറാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it