kannur local

വേഗം നിയന്ത്രിക്കാന്‍ സംവിധാനമില്ല: വളപട്ടണം-ധര്‍മശാല ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥ

വളപട്ടണം: ദേശീയപാതയില്‍ വളപട്ടണം മുതല്‍ ധര്‍മശാല വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങള്‍ പെരുകിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവയുടെ മല്‍സരയോട്ടവും അമിതവേഗവുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഈ മേഖലയില്‍ ഒരാഴ്ചയ്ക്കിടയില്‍ നാലോ അഞ്ചോ വാഹനാപകടങ്ങളാണ് ഉണ്ടാവുന്നത്. മാസത്തില്‍ ഇരുപതോളം വരും. ഇക്കഴിഞ്ഞ 16ന് മാങ്ങാട് കള്ളുഷാപ്പിനു സമീപം ബസ്സും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസം മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കാര്‍ യാത്രികനായിരുന്ന തിരുവട്ടൂര്‍ വായാട്ടെ ടി കെ അബ്ദുല്ല(42)യാണു മരിച്ചത്. പയ്യന്നൂരില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സിന്റെ അമിതവേഗമാണ് അപകട കാരണം. മൂന്നാഴ്ച മുമ്പ് വളപട്ടണം പാലത്തിനു സമീപം രാത്രി ടിപ്പര്‍ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചിരുന്നു. പലപ്പോഴും അമിതവേഗത്തിലോടുന്ന ബസ്സുകളെ നിയന്ത്രിക്കാന്‍ നാട്ടുകാര്‍ക്ക് ഇടപെടേണ്ടി വരികയാണ്.
ബസ്, ടിപ്പര്‍ തുടങ്ങിയ ഹെവി വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗതാഗത വകുപ്പ് നിര്‍ദേശിച്ചിരുന്നു. പരിശോധന കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശവും നല്‍കി. ഇതേത്തുടര്‍ന്ന് ദേശീയപാതയിലും പ്രധാന റോഡുകളിലും മോട്ടോര്‍ വാഹനവകുപ്പ് ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഏറെ കൊട്ടിഘോഷിച്ച് മൂന്നുമാസം പരിശോധന നടത്തിയശേഷം ഇതും നിലച്ചു. ഫിറ്റ്‌നസ് സര്‍ടിഫിക്കറ്റ് ലഭിക്കുന്നതിന് ഹാജരാക്കുമ്പോഴാണ് ഭൂരിഭാഗം വാഹനങ്ങളിലും വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്.
അതിര്‍ത്തി കടന്നെത്തുന്ന ചരക്കുലോറികളിലും കാര്യമായ പരിശോധനയില്ല. വാഹനങ്ങളുടെ വേഗം പരിശോധിക്കാന്‍ വളപട്ടണം-ധര്‍മശാല മേഖലകളില്‍ മതിയായ സംവിധാനങ്ങളില്ല. അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനോ വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനോ മുന്നറിയിപ്പ് ബോര്‍ഡുകള്‍പോലും സ്ഥാപിച്ചിട്ടില്ല. പലയിടത്തും സീബ്രാലൈനിന്റെ അടയാളം പോലുമില്ല. വളപട്ടണം പാലത്തില്‍ തെരുവുവിളക്കുകള്‍ കത്താത്തതും ദുരിതമാവുകയാണ്. ചെറിയൊരു ഇടവേളയ്ക്കുശേഷം വളപട്ടണം പാലത്തില്‍ വീണ്ടും കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ചെറുതും വലുതുമായ കുഴികളാണു വാഹനഗതാഗതത്തിനു തടസ്സമായി രൂപപ്പെട്ടിരിക്കുന്നത്. നിരവധി തവണ കുഴികള്‍ അടച്ചെങ്കിലും ടാറിങ് ഇളകിപ്പോവുകയായിരുന്നു. പുതിയതെരു ഹൈവേ ജങ്ഷന്‍ മുതല്‍ വളപട്ടണം പാലം വരെയും വളപട്ടണം പാലം മുതല്‍ ധര്‍മശാലവരെയും ഡിവൈഡര്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it