വെള്ളാപ്പള്ളിക്കെതിരേയുള്ള കേസ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍- വി എസ്

തിരുവനന്തപുരം: മതവിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരില്‍ വെള്ളാപ്പള്ളിക്കെതിരേ കേസെടുത്തത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. പ്രവീണ്‍ തൊഗാഡിയയുടെ പേരിലെടുത്ത കേസ് പോലെ ഇതും കുറേ കഴിയുമ്പോള്‍ ഉമ്മന്‍ചാണ്ടി പിന്‍വലിക്കുമെന്ന് ഉറപ്പാണെന്നും വി എസ് പറഞ്ഞു.
വെള്ളാപ്പള്ളിക്കെതിരേ കേസ് എടുത്തതിനോട് യോജിപ്പില്ലെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. പ്രസംഗത്തില്‍ വെള്ളാപ്പള്ളി ചില വാക്കുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ നന്നായിരുന്നെന്നും ജോര്‍ജ് പറഞ്ഞു.
മരിച്ച നൗഷാദിനെക്കുറിച്ച് നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളിക്ക് തോന്നുന്നെങ്കില്‍ അത് നല്ലകാര്യമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ കൊച്ചിയില്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ നടത്തിയിരിക്കുന്ന ഖേദപ്രകടനത്തെ കേസുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.
വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ വെള്ളാപ്പള്ളി നടേശനല്ല ആര് ശ്രമിച്ചാലും കടുത്ത നടപടിക്ക് സര്‍ക്കാര്‍ മടിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. മതസ്പര്‍ധയുണ്ടാക്കുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
വര്‍ഗീയത പ്രചരിപ്പിക്കുന്നവിധത്തില്‍ പ്രസംഗം നടത്തിയതിന് വെള്ളാപ്പള്ളി നടേശന്റെ പേരില്‍ പോലിസ് കേസെടുത്ത സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിസ്ഥാനം വെള്ളാപ്പള്ളി രാജിവയ്ക്കണമെന്ന് ശ്രീനാരായണ ധര്‍മസംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it