ernakulam local

വെറ്ററിനറി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം: ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍

വൈപ്പിന്‍: വെറ്ററിനറി ഡോക്ടര്‍മാരുടെ സമരം ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കുന്നതായി പരാതി. പള്ളിപ്പുറം, നായരമ്പലം പഞ്ചായത്തുകളിലെ കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. പശുക്കള്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സ നല്‍കാന്‍ കഴിയാതെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
നായരമ്പലം വാഴത്തറ ചോതി രവിയുടെ പശുക്കളില്‍ ഒന്ന് രോഗം ബാധിച്ച് അവശനിലയിലാണ്. മൃഗ സംരക്ഷണ വകുപ്പും ജനകീയാസൂത്രണ വകുപ്പുംകൂടി നടപ്പാക്കിവരുന്ന രണ്ടു പശു മൂന്നു പശുക്കുട്ടി പദ്ധതി പ്രകാരം ലോണ്‍ എടുത്തു വളര്‍ത്തുന്ന പശുവിനാണ് രോഗ ബാധ.
ഡോക്ടര്‍മാരുടെ സമരം ക്ഷീരകര്‍ഷകരെ മൊത്തത്തില്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. നിരവധി ക്ഷീര കര്‍ഷകര്‍ മൃഗാശുപത്രിയില്‍ എത്തുന്നുണ്ടെങ്കിലും മൃഗങ്ങള്‍ക്ക് ചികില്‍സ കിട്ടാതെ മടങ്ങുകയാണ്. ക്ഷീര കര്‍ഷകരുടെ ദുരവസ്ഥക്ക് അടിയന്തരമായി ബദല്‍ സംവിധാനം സര്‍ക്കാര്‍ ഇടപെട്ടു ഉണ്ടാക്കിയില്ലെങ്കില്‍ മിണ്ടാപ്രാണികളോടുകാണിക്കുന്ന ക്രൂരത കര്‍ഷകര്‍ കടബാധ്യതയില്‍പ്പെട്ട് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിച്ചേരുമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.
പള്ളിപ്പുറം പഞ്ചായത്തില്‍ നാനൂറോളം ക്ഷീരകര്‍ഷകര്‍ക്ക് ഏക ആശ്രയമാണ് ചെറായി മൃഗാശുപത്രി. ഇപ്പോള്‍ നാലു ദിവസമായി ഇവിടെ ഡോക്ടര്‍ ഇല്ല. നിരവധി കന്നുകാലികള്‍ക്ക് ചികില്‍സ കിട്ടാതെ കര്‍ഷകര്‍ വലയുകയാണ്. കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം പകുതി വിലയ്ക്ക് മൃഗാശുപത്രിവഴി നല്‍കുന്ന കാലിത്തീറ്റ കര്‍ഷകര്‍ക്ക് കിട്ടാതെ കന്നുകുട്ടികള്‍ പട്ടിണിയിലാണ്.
രണ്ടു ദിവസമായുള്ള ഡോക്ടര്‍മാരുടെ സമരം തീര്‍ന്നില്ലെങ്കില്‍ കേരള കര്‍ഷകസംഘം പള്ളിപ്പുറം ക്ഷീരകര്‍ഷകരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഓഫിസുകളിലേക്ക് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യൂനിറ്റ് സെക്രട്ടറി പി ഡി ഇന്ദ്രലാല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it