വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ല; ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുമെന്നും ഹൈക്കോടതി. പരവൂര്‍ ദുരന്തം സംബന്ധിച്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമായി തുടരുന്ന സാഹചര്യത്തില്‍ മറ്റൊരു അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നും ആവശ്യമെങ്കില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടമാവാമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. മെയ് 18 ഓടെ അന്വേഷണ പുരോഗതി റിപോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
രാത്രി പത്തിനും പുലര്‍ച്ചെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്ന സുപ്രിം കോടതിയുടെ 2005ലെയും 2007ലെയും ഉത്തരവുകള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താനും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് അനുമതി നല്‍കി. 125 ഡെസിബലില്‍ താഴെ ശബ്ദത്തോടെയുള്ള വെടിക്കെട്ടോടെയാണ് പൂരം നടത്താന്‍ അനുമതിയുള്ളത്.
തൃശൂര്‍ പൂരം മത ചടങ്ങെന്നതിനപ്പുറം സാംസ്‌കാരികപരമായും സാമൂഹികപരമായും ഏറെ പ്രാധാന്യമുള്ളതാണെന്നും ഒഴിവാക്കാനാവില്ലെന്നും സര്‍ക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണി ചൂണ്ടിക്കാട്ടി. സുര്യാസ്തമയം മുതല്‍ അടുത്ത സൂര്യോദയം വരെ വെടിക്കെട്ട് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് പൂരം നടത്തിപ്പിനെ ബാധിക്കുമെന്നും ഇക്കാര്യത്തില്‍ സുപ്രിം കോടതി ഇളവനുവദിച്ചിട്ടുള്ളതാണെന്നും പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളും കോടതിയെ അറിയിച്ചു. 2007ലെ സുപ്രിം കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെടുത്തിയ സാഹചര്യത്തില്‍ സുര്യാസ്തമയം മുതല്‍ അടുത്ത സൂര്യോദയം വരെ വെടിക്കെട്ട് തടഞ്ഞുകൊണ്ടുള്ള ആദ്യ ഉത്തരവില്‍ തിരുത്തല്‍ വരുത്തുന്നതായി തുടര്‍ന്ന് കോടതി ചൂണ്ടിക്കാട്ടി. രാത്രി പത്തിനും പിറ്റേന്ന് രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്നും വ്യക്തമാക്കി.
പൂരത്തോടനുബന്ധിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉറപ്പാക്കണം. പൈതൃക പ്രാധാന്യമുള്ള വടക്കുന്നാഥ ക്ഷേത്രത്തിന് കേടുപാടുണ്ടാവരുത്. വെടിക്കെട്ടിനായി ഉപയോഗിക്കുന്നതും ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളും സാംപിള്‍ ശേഖരിച്ച് നിരോധിത വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്നതുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it