thiruvananthapuram local

വെടിക്കെട്ട് അപകടം: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

മെഡിക്കല്‍ കോളജ്: കൊല്ലം വെടിക്കെട്ട് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു. കൊല്ലം ഭൂതക്കുളം വട്ടവിള വീട്ടില്‍ ഗുരുദാസന്റെ മകന്‍ ജോയ് ദാസിന്റെ (32) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
ഇതോടെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നവരില്‍ ഇതുവരെ 19 പേര്‍ മരണമടഞ്ഞു. ഇതില്‍ 11 പേരെ മരണശേഷമാണ് കൊണ്ടുവന്നത്.
വെടിക്കെട്ട് അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന നാലു രോഗികളുടെ ആരോഗ്യനിലയില്‍ തൃപ്തികരമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പ്രത്യേക അവലോകന യോഗം വിലയിരുത്തി. ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലുള്ള രാജീവ് (16), സര്‍ജിക്കല്‍ ഐസിയുവിലുള്ള സുജാത (31) കൊല്ലം, ബേണ്‍സ് ഐസിയുവിലുള്ള ചന്ദ്രബോസ് (35) കളക്കോട്, സ്‌റ്റെപ്ഡൗണ്‍ ഐസിയുവിലുള്ള കണ്ണന്‍ (27) കഴക്കൂട്ടം എന്നിവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പേവാര്‍ഡുകളിലേക്ക് മാറ്റാമെന്നും അവലോകന യോഗം തീരുമാനിച്ചു.
ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിയുന്ന അജിത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു. പ്രത്യേക വിദഗ്ധസംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ് ഇവരെല്ലാം. മുരളീധരന്‍പിള്ള (44) കല്ലുവാതുക്കല്‍, മണിയന്‍ (60) കിഴുവില്ലം, കിഷോര്‍ (34) നെടുമങ്ങാട് എന്നിവരെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ 30 പേരാണ് അഡ്മിറ്റായിട്ടുള്ളത്. വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു.
അനസ്തീസ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോസര്‍ജറി, ഒഫ്താല്‍മോളജി, ഇഎന്‍ടി, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഒരുമിച്ച് ചികിത്സ ക്രമീകരിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it