വെടിക്കെട്ടിനെ അനുകൂലിച്ചുള്ള പോലിസ് കത്ത് പുറത്ത്

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതി നല്‍കാന്‍ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശക്കത്ത് പുറത്ത്. ജില്ലാ ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്ത്. ഇതോടെ പോലിസ്‌നില പരുങ്ങലിലായി. ഏപ്രില്‍ 8ന് കലക്ടര്‍ വെടിക്കെട്ട് നിരോധിച്ചശേഷമാണ് കമ്മീഷണറുടെ കത്ത്.
ചാത്തന്നൂര്‍ എസിപിയുടെ ശുപാര്‍ശപ്രകാരമാണ് കമ്മീഷണറുടെ കത്ത്. ആചാരപരമായ വെടിക്കെട്ട് നടത്താന്‍ ലൈസന്‍സ് നല്‍കണമെന്നാണ് സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് കലക്ടര്‍ക്കു നല്‍കിയ ശുപാര്‍ശ കത്തില്‍ ആവശ്യപ്പെട്ടത്. ഏപ്രില്‍ 4നായിരുന്നു വെടിക്കെട്ട് സംബന്ധിച്ച ആദ്യ റിപോര്‍ട്ട് പോലിസ് നല്‍കിയത്. ഈ റിപോര്‍ട്ടില്‍ വെടിക്കെട്ട് നടത്തരുതെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, നാലു ദിവസത്തിനു ശേഷം ഏപ്രില്‍ 8ന് നല്‍കിയ രണ്ടാം റിപോര്‍ട്ടില്‍ പോലിസ് മലക്കംമറിയുകയായിരുന്നു.
മല്‍സരക്കമ്പം ഒഴിവാക്കിയതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചതിനാല്‍ വെടിക്കെട്ടിന് അനുമതി നല്‍കാമെന്നാണ് കത്തിലുള്ളത്. അതേസമയം, വെടിക്കെട്ടിനുവേണ്ടി എഡിഎമ്മിനെ സമീപിക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ സംഘാടകരെ ഉപദേശിച്ചിരുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മല്‍സരക്കമ്പം നടത്തില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് എഡിഎമ്മിന്റെ അനുമതി വാങ്ങാനാണ് കമ്മീഷണര്‍ ക്ഷേത്രഭാരവാഹികളെ ഉപദേശിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
Next Story

RELATED STORIES

Share it