വീട്ടമ്മയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസ്; മുഖ്യപ്രതി ഒരുവര്‍ഷത്തിനുശേഷം പിടിയില്‍

കൊല്ലം: വീട്ടമ്മയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലെ പ്രതി ഒരുവര്‍ഷത്തിനുശേഷം പോലിസ് പിടിയിലായി. അഞ്ചാലുംമൂട് കുപ്പണ തെക്കേവിള വടക്കതില്‍ രാജേഷി (43)നെയാണു കൊല്ലം വെസ്റ്റ് സിഐ ആര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കണ്ണൂരില്‍ നിന്നു പിടികൂടിയത്.
അഞ്ചാലുംമൂട് വെട്ടുവിള സ്വദേശിനിയായ ശ്രീദേവിയമ്മ(52) യുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലാവുന്നത്. കഴിഞ്ഞ ആഴ്ച അഞ്ചാലുംമൂട് എസ്‌ഐ എസ് രൂപേഷ് രാജിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കുപ്പണയിലെ ആളൊഴിഞ്ഞ റിസോര്‍ട്ടിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്നു സ്ത്രീയുടെ ശരീരാവശിഷ്ടങ്ങളും മാലയും ലഭിച്ചത്. മാല ശ്രീദേവിയമ്മയുടേതാണെന്നു മകള്‍ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. മരിച്ചതു ശ്രീദേവിതന്നെയെന്നു സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനിടയിലാണു പ്രതി കുടുങ്ങിയത്.
കഴിഞ്ഞവര്‍ഷമാണു രാജേഷിനെയും ശ്രീദേവിയമ്മയെയും കാണാതായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീദേവിയമ്മയുടെ വീട്ടില്‍ രാജേഷ് വാടകയ്ക്കു താമസിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള അടുപ്പത്തില്‍ ശ്രീദേവിയമ്മയെ കുപ്പണയിലെ ആളൊഴിഞ്ഞ റിസോര്‍ട്ടിലേക്ക് രാജേഷ് വിളിച്ചുവരുത്തി. തുടര്‍ന്ന് തന്റെ സുഹൃത്തിനോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. ഇതു നിരസിച്ചതിനെ ത്തുടര്‍ന്ന് ശ്രീദേവിയമ്മയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റിസോര്‍ട്ടിന്റെ പിറകുവശത്തെ സെപ്റ്റിക് ടാങ്കിലിട്ട് മൂടി. പിന്നീട് പ്രതി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവില്‍പോയ രാജേഷ് സംസ്ഥാനങ്ങത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ ഒരു കോണ്‍ട്രാക്ടറുടെ കീഴില്‍ കെട്ടിടംപണി ചെയ്തുവരവെയാണ് പോലിസിന്റെ പിടിയിലാവുന്നത്. രാജേഷിന്റെ സുഹൃത്തിനെക്കുറിച്ചു കൂടുതല്‍ വിവരം ലഭിച്ചതായും ഇയാള്‍ ഉടന്‍ പിടിയിലാവുമെന്നും പോലിസ് അറിയിച്ചു.
കൊല്ലം എസിപി എം എസ് സന്തോഷിന്റെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് സിഐ ആര്‍ സുരേഷ്, അഞ്ചാലുമൂട് എസ്‌ഐ എസ് രൂപേഷ് രാജ്, എഎസ്‌ഐമാരായ എം കെ പ്രശാന്ത്കുമാര്‍, സോമന്‍, അഷ്ടമന്‍, എസ്‌സിപിഒമാരായ ലഗേഷ്, അനന്‍ബാബു, ഹണി, കൃഷ്ണകുമാര്‍, ബൈജു പി ജെറോം, ഹരിലാല്‍, ഡബ്ല്യൂഡിപിഒ സുമ എന്നിവരുള്‍പ്പെട്ട സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it