palakkad local

വിഷപ്പുക: കഞ്ചിക്കോട്ട് നിവാസികള്‍ വോട്ട് ബഹിഷ്‌കരിക്കുന്നു

പാലക്കാട്: വിഷപ്പുക തള്ളുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് കഞ്ചിക്കോട് പ്രീകോട്മില്‍ കോളനി നിവാസികള്‍ വോട്ടു ബഹിഷ്‌കരിക്കുന്നു. 1800 ഓളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ രണ്ട് ഉരുക്കു നിര്‍മാണ യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും പുറന്തള്ളുന്ന വിഷപുക ശ്വസിച്ച് നിരവധി പേരാണ് ഇവിടെ നിത്യ രോഗികളാകുന്നത്.
ജനകീയ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന സ്ഥലം എംഎല്‍എയും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദനെ വിഷയം ധരിപ്പിച്ചെങ്കിലും അദ്ദേഹം പോലും തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധമറിയിക്കുന്നതിനാണ് വോട്ടു ബഹിഷ്‌കരണമെന്നും നാട്ടുകാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു.
കാന്‍സര്‍ രോഗം ബാധിച്ച് പതിനേഴോളം പേരാണ് കോളനിയില്‍ അടുത്തിടെ മരിച്ചത്. ഇവരില്‍ അധികവും കമ്പനിയുടെ പരിസരപ്രദേശത്ത് താമസിക്കുന്നവരാണ്. ഏഴു പേര്‍ ദീര്‍ഘനാളായി കാന്‍സര്‍ രോഗത്തിന് ചികില്‍സ തേടുന്നുണ്ട്. ശ്വാസകോശ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവവരും ഇവിടെ നിരവധിയാണ്.
കുട്ടികള്‍ പഠിക്കുന്ന അംഗനവാടിയ്ക്ക് സമീപമാണ് കമ്പനികള്‍ സ്ഥിതി ചെയ്യുന്നത്. മലിനീകരണ നിയന്ത്രണബോര്‍ഡും കമ്പനികള്‍ക്ക് കൂട്ടു നില്‍ക്കുന്നതായും കോളനി നിവാസികള്‍ ആരോപിക്കുന്നു. കമ്പനികള്‍ സ്ഥാപിക്കുന്നതിന് വര്‍ഷങ്ങള്‍ മുന്‍പ് ഇവിടെ താമസമാക്കിയ നിരവധി കുടുംബങ്ങളുണ്ട്. ഇവരില്‍ പലര്‍ക്കും പോകാന്‍ മറ്റൊരു സ്ഥലമോ കയറികൂടാന്‍ വീടോ ഇല്ല. ഭരണാധികാരികളുടെ കണ്ണു തുറക്കാന്‍ വോട്ടു ബഹിഷ്‌കരണം സഹായകമാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it