വിശ്വസാംസ്‌കാരികോല്‍സവം: വിദേശ നേതാക്കള്‍ പിന്‍മാറി

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ വിശ്വസാംസ്‌കാരികോല്‍സവത്തില്‍ പങ്കെടുക്കാമെന്നേറ്റിരുന്ന നാലു വിദേശ ഭരണാധികാരികള്‍ പിന്‍മാറി.
നേപ്പാള്‍ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി, സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, അഫ്ഗാനിസ്താന്‍ സിഇഒ അബ്ദുല്ലാ അബ്ദുല്ല എന്നിവരാണിവര്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചടങ്ങില്‍ നിന്നു നേരത്തേ പിന്‍മാറിയിരുന്നു. യമുന തീരത്ത് ഇന്നലെയാണു പരിപാടി ആരംഭിച്ചത്. ഇന്നത്തെ സെഷനായ ലോകനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇവരെ ക്ഷണിച്ചിരുന്നത്.
യുഎഇയുടെയും മംഗോളിയയുടെയും സാംസ്‌കാരികമന്ത്രിമാരും പങ്കെടുക്കില്ലെന്നു നേരത്തേ അറിയിച്ചിരുന്നു. ഇന്നലെ രാജ്യതലസ്ഥാനത്ത് എത്തിയ മുഗാബെ തിരിച്ചുപോയതായി റിപോര്‍ട്ടുണ്ട്. രാഷ്ട്രപതി പിന്‍മാറിയ സാഹചര്യത്തില്‍ പ്രോട്ടോകോള്‍ വിഷയം ചൂണ്ടിക്കാട്ടിയാണു വിദേശനേതാക്കളുടെ പിന്‍മാറ്റം. അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയും പാക് മുന്‍ പ്രസിഡന്റ് യൂസുഫ് റസാ ഗിലാനിയും വരില്ലെന്നാണു സൂചന.
ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് മൈത്രിപാല സിരിസേനയുടെ പിന്‍മാറ്റം. സാങ്കേതിക കാരണങ്ങളാല്‍ വരാനാവില്ലെന്നാണു നേപ്പാള്‍ പ്രസിഡന്റ് അറിയിച്ചത്. പകരം ഉപപ്രധാനമന്ത്രി കമല്‍ ഥാപ പങ്കെടുക്കും.
Next Story

RELATED STORIES

Share it