palakkad local

വിമത പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

ആലത്തൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് വിമത പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ സിപിഎമ്മില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് അഡ്വ. ശാന്തകുമാരിയുടെ ഭര്‍ത്താവ് മാധവനെയാണ് അച്ചടക്ക നടപടിയുടെ പേരുപറഞ്ഞ് സിപിഎം പ്രാദേശിക നേതൃത്വം സസ്‌പെന്‍ഡ് ചെയ്തത്.
തേങ്കുറിശ്ശി ലോക്കല്‍ കമ്മിറ്റിയംഗവും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമായ മാധവന്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് മല്‍സരിക്കാന്‍ സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുഴല്‍മന്ദം ഏരിയാ കമ്മിറ്റിയംഗമായ ഭാര്യ അഡ്വ. ശാന്തകുമാരിയ്ക്ക് സിപിഎം സീറ്റ് നല്‍കിയിരുന്നു. ഭാര്യയും ഭര്‍ത്താവും മല്‍സരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അറിയിച്ചതോടെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരേ മാധവന്‍ പരസ്യ നിലപാട് സ്വീകരിച്ചെന്നാണ് ആരോപണം.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാധവന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി പറയുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം കുഴല്‍മന്ദം ഏരിയാ കമ്മിറ്റി മാധവനെ സിപിഎം സ്ഥാനങ്ങളില്‍ നിന്നും ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഈ തീരുമാനം ഞായറാഴ്ച്ച ചേര്‍ന്ന തേങ്കുറിശ്ശി ലോക്കല്‍ കമ്മിറ്റിയില്‍ റിപോര്‍ട്ട് ചെയ്തുവെന്നും പറയുന്നു. അടുത്തുതന്നെ പാര്‍ട്ടി ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുറത്താക്കിയ വിവരം അറിയിക്കുമെന്നാണ് ലോക്കല്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it