വിന്‍സന്‍ എം പോള്‍ സ്ഥാനമൊഴിഞ്ഞു

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതിവിധി പ്രതികൂലമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ സ്ഥാനമൊഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ ശുപാര്‍ശകളെ മറികടന്ന് കേസ് അവസാനിപ്പിക്കണമെന്ന് ഡയറക്ടര്‍ നല്‍കിയ റിപോര്‍ട്ട് കോടതി തള്ളിയ സാഹചര്യത്തിലാണ് തീരുമാനം.
രാജിക്കു മുന്നോടിയായി വിന്‍സന്‍ എം പോള്‍ ദീര്‍ഘകാല അവധിക്ക് സര്‍ക്കാരിന് അപേക്ഷ നല്‍കി. നവംബര്‍ 30ന് സര്‍വീസ് കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്.
അതേസമയം, അവധിയില്‍ പ്രവേശിച്ച വിന്‍സന്‍ എം പോള്‍ മുഖ്യ വിവരാവകാശ കമ്മീഷണറുടെ ചുമതല ഏറ്റെടുത്തേക്കും. സിബി മാത്യൂസ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാവും നിയമനം.
100 ശതമാനം വസ്തുനിഷ്ഠമായും നിയമാനുസൃതവുമായാണ് നടപടി സ്വീകരിച്ചതെന്ന് വിന്‍സന്‍ എം പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി കോടതി തീരുമാനിക്കട്ടെ. പുനരന്വേഷണം വന്ന സാഹചര്യത്തില്‍ താന്‍ ഈ സ്ഥാനത്തിരുന്നാല്‍ വീണ്ടും സംശയങ്ങള്‍ക്ക് ഇടനല്‍കും. അതുകൊണ്ട് വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്തുനിന്നു മാറിക്കൊടുക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനു കത്തു നല്‍കും. ഒരു കാരണവശാലും വിജിലന്‍സിന്റെ സല്‍പ്പേര് കളങ്കപ്പെടാന്‍ പാടില്ല. സുതാര്യതയ്ക്കു വേണ്ടി ചില സമയങ്ങളില്‍ മാറിനില്‍ക്കേണ്ടിവരും. കോടതിവിധിയില്‍ കുറ്റബോധമില്ല. നിയമത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ടാണ് എല്ലാ കാര്യവും ചെയ്തതെന്ന് സധൈര്യം പറയാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.
വിന്‍സന്‍ എം പോള്‍ സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിന്റെ മനസ്സാക്ഷിയും ധാര്‍മികതയും കൊണ്ടാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it