വിധിയില്‍ നിരാശയെന്ന് സാകിയ ജഫ്‌രി

അഹ്മദാബാദ്: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ കോടതിവിധി നിരാശപ്പെടുത്തിയെന്ന് കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്‌രിയുടെ ഭാര്യ സാകിയ ജഫ്‌രി. നീതിക്കായി പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. ജനങ്ങളെ കൊലപ്പെടുത്തുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്ത 36 പേരെയും ശിക്ഷിക്കണമായിരുന്നു. അവര്‍ ചെയ്തത് എന്താണെന്ന് തനിക്കറിയാം. തന്റെ കണ്ണുകള്‍ എല്ലാം കണ്ടതാണ്. ഒരു സ്ത്രീയെന്ന നിലയില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമില്ല.
എന്നാല്‍, അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. വിട്ടയച്ചവരെ അവരുടെ പ്രിയപ്പെട്ടവരില്‍നിന്ന് അകറ്റിനിര്‍ത്തിയാല്‍ മാത്രമേ തങ്ങളനുഭവിച്ച വിഷമം അവര്‍ക്ക് മനസ്സിലാകൂവെന്നും സാകിയ പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്ത് അപ്പീല്‍ നല്‍കുന്ന കാര്യം തീരുമാനിക്കുമെന്ന് ജഫ്‌രിയുടെ മകന്‍ തന്‍വീര്‍ ജഫ്‌രി പറഞ്ഞു.
400 പേര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ 24 പേരെ മാത്രം കുറ്റവാളികളായി കണ്ടെത്തിയതില്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. ഗുല്‍ബര്‍ഗ് സൊസൈറ്റി ഒരു ചായക്കടയല്ല. 29 ബംഗ്ലാവുകളും 10 ഫഌറ്റുകളും സ്ഥിതിചെയ്യുന്ന ഇവിടെ 500ഓളം പേര്‍ താമസിച്ചിരുന്നു. 12 മണിക്കൂര്‍കൊണ്ട് വളരെ ക്രൂരമായരീതിയില്‍ ഇത്രയും സ്ഥലം അഗ്നിക്കിരയാക്കാനും കൊള്ളയും കൊലയും നടത്താനും 24 പേര്‍ക്ക് കഴിയില്ല. താനും ഉമ്മയും വളരെ ക്ലേശം സഹിച്ചാണ് കേസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വിധിയെ സന്നദ്ധപ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ് സ്വാഗതം ചെയ്തു. വിധി പഠിക്കുമെന്നും അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവകാശം വിനിയോഗിക്കുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it