Malappuram

വാര്‍ഡ് ജനറലെങ്കില്‍ ഭര്‍ത്താവും സംവരണമായാല്‍ ഭാര്യയും സ്ഥാനാര്‍ഥി

ടി പി ജലാല്‍

മഞ്ചേരി:  മഞ്ചേരി നഗരസഭയിലെ 15 വാര്‍ഡുകളില്‍ ഭാര്യയും ഭര്‍ത്താവും മാറിമാറി മല്‍സരിക്കുന്നു. വനിതാ വാര്‍ഡ് ജനറലായാല്‍ ഭര്‍ത്താവും ജനറല്‍ വനിതയായാല്‍ ഭാര്യയും മല്‍സരിക്കുന്നതാണ് കഴിഞ്ഞ തവണ മുതല്‍ നഗരസഭയിലെ 15 സീറ്റുകളില്‍ കാണുന്നത്. ഇതിനുപുറമെ ചില വാര്‍ഡുകള്‍ മക്കള്‍ക്കും നല്‍കുന്നുണ്ട്. മുസ്‌ലിംലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളിലാണീ അപൂര്‍വ കുടുംബ സീറ്റുകള്‍ നിലനിര്‍ത്തുന്നത്.

കഴിഞ്ഞ തവണ എസ്‌സി ജനറല്‍ വാര്‍ഡായ പൂല്ലൂര്‍ ഇത്തവണ വനിതയായതോടെ മുന്‍ കൗണ്‍സിലര്‍ ചിറക്കല്‍ രാജന്റെ ഭാര്യ ഷീബ സ്ഥാനാര്‍ഥിയായി.
ചെട്ടിയങ്ങാടി വാര്‍ഡ് ജനറലായതോടെ കൗണ്‍സിലര്‍ ആസ്യയുടെ ഭര്‍ത്താവ് കെ പി ഉമ്മറാണ് മല്‍സരിക്കുന്നത്. 11ാം വാര്‍ഡ് വനിതയായപ്പോള്‍ നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലിയുടെ സീറ്റ് സഹോദരന്റെ ഭാര്യ സജ്‌ല വല്ലാഞ്ചിറയ്ക്ക് കൊടുത്തു.14ാം വാര്‍ഡായ താണിപ്പാറയില്‍ കഴിഞ്ഞ തവണത്തെ കൗണ്‍സിലര്‍ എം നസീറയുടെ സീറ്റ് ഭര്‍ത്താവ് മലബാര്‍കുഞ്ഞുട്ടിയെന്ന അനസ്ബിന്‍ നസീര്‍ബാന്‍ ഏറ്റെടുക്കുകയായിരുന്നു. 15ാം വാര്‍ഡ് ചെറുമണ്ണില്‍ ആസ്യ മകനും എസ്ടിയു സെക്രട്ടറിയുമായ സി എം അജ്മല്‍ സുഹിദിന് കൊടുത്തു. ഈ സീറ്റിലെ കാര്യങ്ങളെല്ലാം നേരത്തെ നടത്തിരുന്നതും സുഹിദ് തന്നെയായിരുന്നു.

2005ല്‍ കൗണ്‍സിലറായിരുന്ന മരുന്നന്‍ മുഹമ്മദ് 2010ല്‍ തന്റെ 18ാം വാര്‍ഡായ പയ്യനാട് വനിതയായതോടെ ഭാര്യ ഫാത്തിമയെ നിര്‍ത്തി. ഇത്തവണ ജനറലായതോടെ ഭാര്യയെ അടുക്കള ജോലിയേല്‍പ്പിച്ച് സ്വയം സ്ഥാനാര്‍ഥിയായി. നെല്ലിക്കുത്ത് വാര്‍ഡ് ജനറലായപ്പോള്‍ ഫൗസിന സീറ്റ് ഭര്‍ത്താവ് എം വി അബൂബക്കറിന് നല്‍കി കുടുംബത്തിന്റെ സാന്നിധ്യം അരക്കിട്ടുറപ്പിച്ചു. 26ാം വാര്‍ഡ് പിലാക്കലിലെ കൗണ്‍സിലര്‍ കൂരിമണ്ണില്‍ പട്ടായില്‍ അയ്യൂബിന്റെ സീറ്റ് ഭാര്യ ഉമ്മുഹബീബയ്ക്ക് സമ്മാനിച്ചു. പുതുക്കൊള്ളി അബ്ദുറഹീം താന്‍ ജയിച്ച അമയംകോട് വനിതയായതോടെ മറ്റൊന്നും ചിന്തിക്കാതെ ഭാര്യയെ നിര്‍ത്തിച്ചു.

പുല്ലഞ്ചേരി വനിതാ വാര്‍ഡ് ജനറലായി തുടര്‍ന്ന് സാജിത അബൂബക്കര്‍ എന്ന പേരില്‍ നിന്നു സാജിതയെ ഒഴിവാക്കി അബൂബക്കര്‍ സ്ഥാനാര്‍ഥിയായാവുകയായിരുന്നു. 37ാം വാര്‍ഡിലെ തറമണ്ണില്‍ നാസര്‍ ബന്ധുവായ തറമണ്ണില്‍ സമീറ മുസ്തഫയെ മല്‍സര രംഗത്തിറക്കിയാണ് മാനം കാത്തത്.   41ാം വാര്‍ഡ് പുളിയംതൊടിയില്‍ മണ്ണിശ്ശേരി സബാനയാണ് മല്‍സരിക്കുന്നത്. സബാനയ്ക്ക് ഈ സീറ്റ് ലഭിക്കുന്നത് നിലവിലെ കൗണ്‍സിലറും ഭര്‍ത്താവുമായ മണ്ണിശ്ശേരി സലീമില്‍ നിന്നാണ്. പട്ടര്‍കുളം വാര്‍ഡില്‍ കൗണ്‍സിലര്‍ എം കെ മുനീറിന്റെ  ഭാര്യ സനുജ മുനീറാണ് സ്ഥാനാര്‍ഥി.

46ാം വാര്‍ഡായ വീമ്പൂരില്‍ നിന്നു 2005ല്‍ തിരഞ്ഞെടുക്കപ്പെട്ട കുറ്റിക്കാടന്‍ കുഞ്ഞിമുഹമ്മദ് 2010ല്‍ മകള്‍ സഫൂറയ്ക്ക് നല്‍കിയത് വെറുതെയായില്ല. കാരണം, ഇത്തവണ ഈ വാര്‍ഡ് കുറ്റിക്കാടന് തിരിച്ചുകിട്ടി. 50ാം വാര്‍ഡ് രാമംകുളത്ത് സ്ഥാനാര്‍ഥിയായിരിക്കുന്നത് കഴിഞ്ഞതവണ ജയിച്ച അത്തിമണ്ണില്‍ മൊയ്തീന്റെ ഭാര്യ സജ്‌ന ടീച്ചറാണ്. വാര്‍ഡുകള്‍ ജനറലോ/വനിതയോ ആവുമ്പോള്‍ സീറ്റ് കൈവിട്ടു പോവുമോയെന്ന് ആശങ്കയാണ് പലരും ഭാര്യ, ഭര്‍ത്താവ്, ബന്ധുക്കള്‍ എന്നിവരെ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്.

വനിതകള്‍ നില്‍ക്കുന്ന മിക്ക വാര്‍ഡുകളിലും കൈകാര്യങ്ങള്‍ ചെയ്യുന്നത് ഭര്‍ത്താക്കളോ മക്കളോ ആയിരിക്കും. അതുകൊണ്ടു തന്നെ പാര്‍ട്ടിക്ക് കാര്യങ്ങള്‍ വളരെ എളുപ്പവുമായിരിക്കും.
Next Story

RELATED STORIES

Share it