ernakulam local

വര്‍ണ വിസ്മയം തീര്‍ത്ത് സ്‌കൂള്‍ വിപണി സജീവം

മരട്: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സ്‌കൂള്‍ വിപണി സജീവമായി. കുരുന്നുകളുടെയും വിദ്യാര്‍ഥികളുടെയും മനം കവരുന്ന വര്‍ണ വിസ്മയങ്ങളുമായിട്ടാണ് ഇത്തവണ വിപണി സജീവമായിരിക്കുന്നത്.
കുഞ്ഞു മനസ്സുകളെ ആകര്‍ഷിക്കും വിധത്തില്ലള്ള ഇനങ്ങളും വിപണിയിലുണ്ട്. ബാഗുകളിലും മഴക്കോട്ടുകളിലും കുടകളിലുമൊക്കെയായി വര്‍ണ വിസ്മയം തീര്‍ത്തിരിക്കുകയാണ് വിപണി. ചിത്രകഥയിലെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലെയും വിദ്യാര്‍ഥികളുടെ കൂട്ടുകാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ടിഫിന്‍ ബോക്‌സുകളും വാട്ടര്‍ബോട്ടിലുകളും കുടകളും ബാഗുകളുമൊക്കെയാണ് വിദ്യാര്‍ഥികളെയും കുരുന്നുകളെയും ഏറെ ആകര്‍ഷിക്കുന്നത്. അതേ സമയം വിപണിയിലെ ഉയര്‍ന്ന വില സാധാരണക്കാരായ രക്ഷിതാക്കളെ വലയ്ക്കുകയാണ്. 200 പേജുള്ള വലിയ കോളജ് നോട്ട് ബുക്കുകള്‍ക്ക് 30 രൂപയും ചെറിയ നോട്ട് ബുക്കുകള്‍ക്ക് 25 രൂപ മുതലുമാണ് വില.
ഇന്‍സ്ട്രുമെന്റ് ബോക്‌സിന് 75 രൂപ മുതലും വില നല്‍കണം. എന്നാല്‍ കണ്‍സ്യൂമെര്‍ഫെഡിന് കീഴിലുള്ള ത്രിവേണി സ്‌റ്റോറുകളില്‍ എല്ലാ ഇനത്തിനും വിലക്കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സ്‌കൂള്‍ വിപണിയിലെ എല്ലാ ഇനത്തിനും വില കൂടുതലാണ്.
കൂടാതെ കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ അന്യസംസ്ഥാന കച്ചവടക്കാരും വിപണിയില്‍ സജീവമായിട്ടുണ്ട്. മഴ എത്തിയതോടെ കുട വിപണിയിലും തിരക്കേറി. പ്രമുഖ കുട കമ്പനികളെല്ലാം അഞ്ച് ശതമാനം വില വര്‍ധനയുമായിട്ടാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
വിസിലുള്ളതും വെള്ളം ചീറ്റുന്നതും പല വര്‍ണങ്ങളിലും ചിത്രങ്ങള്‍ പതിപ്പിച്ചവയുമൊക്കെയായി വൈവിധ്യമാര്‍ന്ന കുടകളും വിപണിയില്‍ ഉണ്ട്. ചില കുടകള്‍ക്ക് വാച്ച് ഉള്‍പ്പെടെ സമ്മാനമായി ലഭിക്കുകയും ചെയ്യും. പെണ്‍കുട്ടികള്‍ക്ക് മാത്രമായി വിപണിയില്‍ ഇറക്കിയിട്ടുള്ള പ്രിന്‍സ് കുടകളും താരമായി കഴിഞ്ഞു.
വിവിധ തരത്തിലുള്ള പൗച്ചുകളോടാണ് പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം. കുടകളില്‍ ഇത്തവണ ഇറങ്ങിയ പുതിയ ഇനം വലിപ്പമേറിയ അഞ്ച് മടക്ക് ഫൈവ് ഫോള്‍ഡ് കുടകളാണ്. വിപണിയില്‍ ഇവയ്ക്ക് 490 രൂപ മുതലാണ് വില. വിപണിയില്‍ ഏറ്റവും വില കുറവ് ത്രീഫോള്‍ഡ് കുടകള്‍ക്കാണ്. സൂപ്പര്‍ ഹീറോ മുതല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വിവിധ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ലോഗോ ആലേഖനം ചെയ്തവയാണ് ഇത്തവണ വിപണിയിലെ കച്ചവട തന്ത്രം. ബ്രാന്‍ഡ് ഇനങ്ങളോടാണ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യം.
Next Story

RELATED STORIES

Share it