വരള്‍ച്ചയ്ക്കിടെ സെല്‍ഫി; മഹാരാഷ്ട്ര ജലവിഭവ മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍

മുംബൈ: വരള്‍ച്ചബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെ സെല്‍ഫി പകര്‍ത്തി ട്വിറ്ററിലും ഫേസ്ബുക്കിലുമിട്ട മഹാരാഷ്ട്ര ജലവിഭവ മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍. കടുത്ത വരള്‍ച്ച നേരിടുന്ന മറാത്ത്‌വാഡയിലെ സ്വന്തം മണ്ഡലമായ ബീഡിലും ജലക്ഷാമം രൂക്ഷമായ ലാത്തൂരിലും സന്ദര്‍ശനം നടത്തിയ മന്ത്രി, വിവിധ പോസിലുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം പോസ്റ്റ് ചെയ്ത വിവാദ ചിത്രങ്ങള്‍ ഇതിനകം വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.
ബിജെപി-ശിവസേന മന്ത്രിസഭയില്‍ ജലവിഭവം, ഗ്രാമവികസനം എന്നീ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പങ്കജ് മുണ്ടെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ എത്തിയപ്പോള്‍ ദൗത്യം മറന്നെന്നാണ് ആരോപണം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനു പകരം സെല്‍ഫിയെടുത്ത് ഉല്ലസിക്കുകയാണെന്നും ബിജെപി മുഴുവനായും സെല്‍ഫി പാര്‍ട്ടിയാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വരള്‍ച്ച അവലോകനം ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ക്കേണ്ടതിനു പകരം മന്ത്രി സെല്‍ഫിയെടുത്തത് കര്‍ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. ജനങ്ങള്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടുമ്പോള്‍ മന്ത്രി സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തത് നിര്‍ഭാഗ്യകരമാണെന്ന് ശിവസേന കുറ്റപ്പെടുത്തി.
എന്നാല്‍, അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും വരള്‍ച്ചാദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കുവേണ്ടി പ്രയത്‌നിക്കണമെന്നും പങ്കജ് മുണ്ടെ അഭ്യര്‍ഥിച്ചു. കഴിഞ്ഞയാഴ്ച കൃഷിമന്ത്രി ഏക്‌നാഥ് ഖദ്‌സെക്ക് ഹെലിപാഡ് തയ്യാറാക്കാന്‍ 10,000 ലിറ്റര്‍ വെള്ളം പാഴാക്കിയത് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.
Next Story

RELATED STORIES

Share it