Azhchavattam

വരയും തലവരയും

വരയും തലവരയും
X
ചിത്രകല

varayum-thalavarayum

അഞ്ജുഷ കൊമ്മടത്ത്

കാന്‍വാസില്‍ പിറവിയെടുക്കുന്ന ഓരോ ചിത്രത്തിനും ഓരോ കഥ പറയാനുണ്ടാവും. പിറവിയെടുത്ത അന്തരീക്ഷത്തെ കുറിച്ചും പറയുന്ന വിഷയത്തെ കുറിച്ചുമൊക്കെ. കഴിഞ്ഞയാഴ്ച കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച സഞ്ജിത്ത് മണ്ഡലിന്റെ നോഥുന്‍ ഭുവന്‍ (പുതിയ പ്രപഞ്ചം) എന്ന ചിത്രപ്രദര്‍ശനത്തിലെ മുപ്പതോളം ചിത്രങ്ങള്‍ക്കും പറയാനുണ്ടാവുക അതിന്റെ രചയിതാവിന്റെ കൈകളെക്കുറിച്ചാവും. സ്വന്തം നാട്ടില്‍ ദാരിദ്ര്യവും പട്ടിണിയും മൂലം നട്ടംതിരിയുമ്പോഴും അന്യനാട്ടില്‍ ചെയ്യാത്ത കുറ്റങ്ങള്‍ക്കു പഴി കേള്‍ക്കുമ്പോഴും പേനയും കാന്‍വാസും മുറുകെ പിടിച്ചതിനെപ്പറ്റിയും വരയില്‍   മായ്ച്ചുകളയുന്ന കഷ്ടപ്പാടുകളെ കുറിച്ചും. സഞ്ജിത്ത് ഏഴാംതരം വരെയേ പഠിച്ചിട്ടുള്ളൂ. ചിത്രരചന പഠിച്ചിട്ടേയില്ല. എങ്കിലും വരയ്ക്കും. വീട്ടില്‍ സഹോദരനും സഹോദരിയും ചിത്രം വരയ്ക്കും. വരയോടുള്ള പ്രണയം മൂത്ത് ഒരിക്കല്‍ വര പഠിക്കാന്‍ പുറപ്പെട്ടതാണ്. ഏഴാംതരം വരയേ പഠിച്ചിട്ടുള്ളൂ എന്നറിഞ്ഞപ്പോള്‍ പ്രവേശനം ലഭിച്ചില്ല. പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സഞ്ജിത്ത് വര വേണ്ടെന്നു വച്ചില്ല. പക്ഷേ, ദാരിദ്ര്യം ജീവിതം പിടിച്ചുലച്ചപ്പോള്‍ എല്ലാവരെയും പോലെ പേനയും കടലാസും മാറ്റിവയ്ക്കാന്‍ സഞ്ജിത്ത് നിര്‍ബന്ധിതനായി. ജോലി തേടി ആദ്യം പോയത് മഹാരാഷ്ട്രയിലും ഗുജറാത്തിലും. പിന്നീട് ഡല്‍ഹിയില്‍. അവിടെനിന്നാണ് മൂന്നുവര്‍ഷം മുമ്പ് കേരളത്തിലെത്തിയത്. ചെയ്യാവുന്ന  എന്തു ജോലിയും ചെയ്യും. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം വീട്ടിലേക്കയക്കും. ഇതരസംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ സഞ്ജിത്തിനും അനുഭവിക്കേണ്ടി വന്നു. മറുനാടന്‍ തൊഴിലാളികളായിരിക്കുന്നതിന്റെ വിവേചനങ്ങള്‍, അന്യത്വം, ഒഴിച്ചുനിര്‍ത്തല്‍... കള്ളലക്ഷണമുണ്ടെന്നു പറഞ്ഞു ഒരിക്കല്‍ ലോക്കപ്പിലുമായി. കാസര്‍കോട് ഒരു ബില്‍ഡിങ് ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തു. കോഴിക്കോട്ട് എത്തിയിട്ട് രണ്ടു വര്‍ഷമായി. ഒരു ഹോട്ടലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടക്കുന്നതിനെ കുറിച്ചറിയുന്നത്. പിന്നീട് അവിടെ നിത്യസന്ദര്‍ശകനായി. ഈ സന്ദര്‍ശനങ്ങളിലാണ് കെല്‍ട്രോണ്‍ ജീവനക്കാരനും ചിത്രകാരനുമായ സംഗീത് ബാലകൃഷ്ണനെയും ഷബീറിനെയും കെ പി ലിജുകുമാറിനെയും സഞ്ജിത്തിന് സുഹൃത്തുകളായി ലഭിച്ചത്. വീണ്ടും ചിത്രങ്ങള്‍ വരച്ചുതുടങ്ങാനും ഈ കൂട്ടുകെട്ട് നിമിത്തമായി. പേനയും കടലാസും വീണ്ടും കൈകളിലെത്തി. വീണുകിട്ടുന്ന സമയങ്ങളില്‍ വിരലുകള്‍ വരകള്‍ തീര്‍ത്തു. വരയ്ക്കാനുള്ള കാന്‍വാസും ഓയില്‍പേസ്റ്റും ചാര്‍ക്കോളും സുഹൃത്തുകള്‍ സമ്മാനിച്ചു. മാനസികാരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് വരയ്ക്കാന്‍ ഇടം നല്‍കിയത്. ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചപ്പോള്‍ ആറുമാസം വരയില്‍ മുഴുകി. ജോലി കഴിഞ്ഞ വിശ്രമവേളകളിലാണ് ചിത്രങ്ങള്‍ വരയ്ക്കുക. ഒരു ചിത്രത്തിന് രണ്ടാഴ്ചയിലേറെ സമയമെടുത്തു. കോഴിക്കോട്ട് നടത്തിയ ചിത്രപ്രദര്‍ശനത്തിലാണ് ആദ്യമായി പെയിന്റ് ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ വരയ്ക്കുന്നത്. കറുപ്പിനോടും വെളുപ്പിനോടുമാണ് കൂടുതല്‍ ഇഷ്ടം. പേനകൊണ്ടാണ് ഒട്ടുമിക്ക ചിത്രങ്ങളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. വെള്ള കാന്‍വാസില്‍ കറുപ്പുനിറത്തിന്റെ വിവിധ ഭാവങ്ങള്‍ തെളിയുമ്പോള്‍ ആ ചിത്രങ്ങള്‍ക്ക് ജീവന്‍ വയ്ക്കുകയായി. ആദ്യമായി നിറങ്ങളെ വിരലുകള്‍ അറിയുന്നതും കോഴിക്കോട്ടുവച്ചാണ്. താന്‍ ജീവിച്ച ഇടങ്ങള്‍ തന്റെ നാട,് പരിചയക്കാര്‍, ചുറ്റുപാടുകള്‍ ഇതൊക്കെ സഞ്ജിത്തിന് വിഷയമാണ്. മീന്‍പിടിത്തക്കാരനും ഗ്രാമത്തില്‍ വട്ടംകൂടിയിരുന്നു സംസാരിക്കുന്ന സ്ത്രീകളും ആ കാന്‍വാസുകളില്‍ തെളിയുന്നു. നാട്ടിലെ ജന്തുലോകവും സസ്യജാലവും ചിത്രങ്ങള്‍ക്കു പശ്ചാത്തലമൊരുക്കുന്നു. ഗ്രാമീണതയാണ് സഞ്ജിത്തിന്റെ പതിവു വിഷയമെങ്കിലും കോഴിക്കോട്ട് നഗരചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

varayum-thalavarayum-final

ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ആദ്യമായി നഗരത്തിന്റെ തിരക്കിലെത്തുന്ന മൂന്നുപേരുടെ ചിത്രം ആരെയും ആകര്‍ഷിക്കും. നിറങ്ങള്‍ക്കൊണ്ട് വരഞ്ഞ ആ ചിത്രത്തില്‍ കഥാപാത്രങ്ങളുടെ മുഖം വ്യക്തമല്ല. പട്ടണത്തോടുള്ള അപരിചിതത്വവും അന്ധാളിപ്പും ഭയവും എല്ലാം ഈ ചിത്രം നമുക്ക് പകര്‍ന്നു തരും. സഞ്ജിത്ത് മണ്ഡലിനെത്തന്നെ ഈ ചിത്രങ്ങളില്‍ ഒരു ആസ്വാദകന് കണ്ടെത്താനാവാം. തന്റെ അമ്മയെയും സഞ്ജിത്ത് വരഞ്ഞിട്ടുണ്ട്. 'അമ്മയാണ് തന്റെ ശക്തി. അമ്മയെ കണ്ടിട്ട് വര്‍ഷങ്ങളായി. എപ്പോഴും കൂടെയുണ്ടെന്ന വിശ്വാസമാണ് ഈ ചിത്രം'- സഞ്ജിത്ത് പറയുന്നു.  വരകള്‍ കൊണ്ട് മാസ്മരികത തീര്‍ത്ത ബുദ്ധന്‍ തന്റെ മനസ്സില്‍ തെളിഞ്ഞ ബുദ്ധനാണെന്ന് സഞ്ജിത്ത് പറയുന്നു. പേന കൊണ്ടാണ് ഈ ചിത്രത്തിന്റെ രചന. കേരളത്തിലെ ക്ഷേത്രങ്ങളും വംഗനാട്ടിലെ ജൈനക്ഷേത്രവും ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. കുട്ടിക്കാലത്തേ സഞ്ജിത്തിന്റെ വലിയ ആഗ്രഹം മാലാഖയെ വരയ്ക്കാനായിരുന്നു. കൊച്ചു കാന്‍വാസില്‍ രൂപംകൊള്ളുന്ന കൊച്ചുമാലാഖ. അവള്‍ എത്തുമ്പോള്‍ ചെടികളും പൂക്കളും തുള്ളിച്ചാടുന്നു. പ്രകൃതി ആനന്ദത്തിലാറാടുന്നു. പക്ഷേ, യഥാര്‍ഥ ജീവിതത്തില്‍ ഇതൊന്നുമില്ലെന്ന് സഞ്ജിത്തിന്റെ ചിത്രങ്ങള്‍ പറയുന്നു.
ഹോട്ടല്‍ തൊഴിലാളിയായി കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളി യുവാവ് സഞ്ജിത്ത് മണ്ഡലിന്റെ  ചിത്രപ്രദര്‍ശനം കോഴിക്കോട്ടെ ചിത്രകലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി.  താന്‍ ജീവിച്ച ഇടങ്ങള്‍, തന്റെ നാട,് പരിചയക്കാര്‍, ചുറ്റുപാടുകള്‍ ഇതൊക്കെ സഞ്ജിത്തിന് വിഷയമാണ്. കോഴിക്കോട്ടെ നഗരചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു
Next Story

RELATED STORIES

Share it