വട്ടപ്പാട്ടില്‍ മലപ്പുറത്തിന്റെ പെരുമ നിലനിര്‍ത്തി നല്ലളം കബീറും സംഘവും

തിരുവനന്തപുരം: പുതിയ ശീലങ്ങലോടും ശീലുകലോടും കലഹിച്ച് മാപ്പിളക്കലകളുടെ നാടോടിത്തവും പഴമയുടെ വിശുദ്ധിയും കാത്തു സൂക്ഷിക്കുന്ന നല്ലളം കബീറും കൂട്ടരും ഇത്തവണയും തങ്ങളുടെ ശിഷ്യരുമായി കലോല്‍സവ വേദിയിലെത്തിയത് വിജയക്കൊടി നാട്ടാന്‍ തന്നെയാണ്. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ ഒന്നാം സ്ഥാനം നല്ലളം കബീറും ഉമര്‍ മാവൂരും പരിശീലിപ്പിച്ച കൊട്ടൂക്കര പിപിഎംഎച്ച്എസ്എസിലെ കുട്ടികള്‍ നേടി.
മാപ്പിളകലകളുടെ തനതായ ശൈലിക്ക് വകഭേദം സംഭവിക്കാതെ സംരക്ഷിക്കാനും പുതുതലമുറയ്ക്ക് അതേ രീതിയില്‍ പകര്‍ന്നൂ നല്‍കാനും രണ്ടു പതിറ്റാണ്ടായി പണിയെടുക്കുകയാണ് നല്ലളം കബീറും ഉമര്‍ മാവൂറും. പ്രഫ.കാദി—രിക്കോയയില്‍നിന്നും ആദം നെടിയനാടില്‍ നിന്നും പഠിച്ച പാഠങ്ങള്‍ പുതിയ കാലത്തും ഗുണം ചോരാതെ ശുദ്ധമായ മാപ്പിള കലാനുഭവമാക്കുകയാണ് ഈ ഗുരുക്കന്‍മാര്‍. നല്ലളം കബീറിനൊപ്പം അറബനമുട്ടില്‍ ഷഹീര്‍ വടകരയും ദഫ് മുട്ടില്‍ കുഞ്ഞി മൊയ്തു ചാവക്കാടും കോല്‍ക്കളിയില്‍ ബീരാന്‍ഗുരിക്കളും മാപ്പിളപ്പാട്ടില്‍ വെള്ളയില്‍ അബൂബക്കറും സജീവമായുണ്ട്. മലബാറിലെ മാപ്പിളകലാ പൈതൃകത്തിന്റെ കാത്തു സൂക്ഷിപ്പുകാരായി തങ്ങള്‍ പരിശീലിപ്പിച്ച കുട്ടികളുമായി വേദിയിലെത്തിയപ്പോള്‍ മാപ്പിളകല—കളുടെ തനിമ വിടുന്ന പുതിയ പ്രവണതകളെക്കുറിച്ച് നല്ലളം കബീര്‍ ആധി പങ്കുവെച്ചു. മാപ്പിളപ്പാട്ടിന്റേയും വട്ടപ്പാട്ടിന്റേയും ഇശലുകള്‍ ഒന്നാണ്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ടു വ്യത്യസ്ഥ ശൈലിയാണുള്ളത്. എന്നാല്‍ ഈ വകഭേദത്തെ ചിലര്‍ അവഗണിക്കുന്നുണ്ടെന്ന് നല്ലളം കബീര്‍ പറയുന്നു. കലോല്‍സവത്തില്‍ മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് സിനാന്‍ കബീറിന്റെ ശിഷ്യമാണ്. വട്ടപ്പാട്ടില്‍ നല്ലളം കബീറും ഉമര്‍ മാവൂരും മലബാറിലെ ഗുരുക്കന്‍മാരും പാടി വലുതാക്കിയ വട്ടപ്പാട്ടിന്റെ പുതിയ സാധ്യതയില്‍ സംതൃപ്തരാണ് ഇവര്‍. പഴയ കാലത്ത് മുസ്‌ലിം കല്ല്യാണ വീടുകളില്‍ വട്ടമിട്ടിരുന്ന് പാടിയ വട്ടപ്പാട്ട് എന്ന കലാരൂപം കലോല്‍സവ വേദിയിലെത്തിയതോടെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവുകയായിരുന്നു. 1950വരെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ വട്ടപ്പാട്ട് സജീവമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. പാട്ടുസംഘം വട്ടത്തിലിരുന്ന് പാടുന്നതുകൊണ്ടാണ് ഈ കലാരൂപത്തിന് വട്ടപ്പാട്ടെന്ന് പേര് ലഭിച്ചത്. മല്‍സരത്തില്‍ രണ്ടാം സ്ഥാനം ഷഹീര്‍ വടകര പരിശീലിപ്പിച്ച കണ്ണുരും നേടി.
Next Story

RELATED STORIES

Share it