palakkad local

ലോക ക്ഷീര ദിനാചരണം: വൃക്ഷത്തൈ നടീലിന് ജില്ല ഒരുങ്ങി

പാലക്കാട്: കേരളത്തില്‍ പാല് സംഭരണത്തില്‍ ഒന്നാം സ്ഥാനമുള്ള പാലക്കാട് ജില്ല ലോക ക്ഷീരദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ലോകക്ഷീര ദിനമായ ജൂണ്‍ ഒന്നിന് ജില്ലയിലെ മുഴുവന്‍ ക്ഷീരസംഘങ്ങളിലും ഓരോ വൃക്ഷത്തൈ വെച്ച് പിടിപ്പിച്ചാണ് ദിനാചരണത്തിന് തുടക്കമിടുക.
ജില്ലാതല ഉദ്ഘാടനം പറളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. തുടര്‍ന്ന് സുസ്ഥിര ക്ഷീരവികസനവും സുരക്ഷിത ഭക്ഷണവും എന്ന വിഷയത്തില്‍ സെമിനാറും നടക്കും. വനം വകുപ്പുമായി സഹകരിച്ച് 85,000 വൃക്ഷത്തൈകള്‍ സംഘങ്ങള്‍ വഴി വിതരണം ചെയ്യും. ക്ഷീരസംഘങ്ങള്‍, ജില്ല, ബ്ലോക്ക്, എന്നീ മൂന്ന് സെക്ടറുകളിലായിട്ടാണ് ദിനാചരണത്തിന്റെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷീര സംഘങ്ങളില്‍ അന്നേ ദിവസം മികച്ച കര്‍ഷകരെ ആദരിക്കുകയും കര്‍ഷകരുടെ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും നടക്കും. സംഘത്തില്‍ പാല്‍ പായസം ഉണ്ടാക്കി ക്ഷീരസംഘങ്ങളുടെ തൊട്ടടുത്ത അംഗന്‍വാടികളില്‍ വിതരണം ചെയ്യും. ആലത്തൂരിലെ വാനൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ 27 ന് രാവിലെ 10 ന് യൂ പി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മല്‍സരവും ഉപന്യാസ മല്‍സരങ്ങളും നടക്കും. പാല്‍ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി പരിശീലന കേന്ദ്രത്തില്‍ വിതരണം ചെയ്യും.
ക്ഷീര സംഘങ്ങളുടെ ഓഫിസുകളും പരിസരവും മാലിന്യമുക്തമാക്കാനുള്ള നടപടികളും ഉണ്ടാവും.ക്ഷീരമേഖലയുടെ പ്രാധാന്യം പരിഗണിച്ച് ആഗോളാടിസ്ഥാനത്തില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 2001 മുതലാണ് ലോകക്ഷീര ദിനം ആചരിക്കുന്നത്.
കേരളത്തില്‍ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2009-2010 മുതല്‍ക്കാണ് ക്ഷീരദിനം ആചരിക്കുന്നത്. പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും പ്രാധ്യാനത്തെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയെന്നതാണ് ക്ഷീരദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ക്ഷീരോല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുക, ഗ്രാമീണ ഭവനങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുക, കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുക, പൊതുജനാരോഗ്യം, പരിസ്ഥിതി എന്നിവ സംരക്ഷിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.ജില്ലയില്‍ 26,000 ക്ഷീരകര്‍ഷകര്‍ സംഘങ്ങള്‍ വഴി പാല്‍ അളന്നു നല്‍കുന്നുണ്ട്. പ്രതിദിനം രണ്ടര ലക്ഷം ലീറ്റര്‍ പാലാണ് 317 പാല്‍ സൊസൈറ്റികള്‍ വഴി സംഭരിക്കുന്നത്.
ഈ വര്‍ഷം പാല് സംഭരണം മൂന്ന് ലക്ഷം ലീറ്ററാക്കി ഉയര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആയിരം മുതല്‍ പത്തായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള പാല്‍ ശീതികരണികള്‍ 44 എണ്ണം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. 1,69,208 പശുക്കളും 9018 എരുമകളുമാണ് ജില്ലയിലുള്ളത്.
ആലത്തൂരിലെ പരിശീലന കേന്ദ്രത്തില്‍ നിന്നും പാല്‍ ഉല്‍പ്പന്നങ്ങളിലും സംസ്‌കരണത്തിലും 120 പേര്‍ക്ക് പ്രതിവര്‍ഷം പരിശീലനം നല്‍കി വരുന്നുണ്ട്.
Next Story

RELATED STORIES

Share it