ലോകമുത്തശ്ശി സൂസന്നാ ജോണ്‍സ് അന്തരിച്ചു

ന്യൂയോര്‍ക്ക്: ലോകമുത്തശ്ശി സൂസന്നാ ജോണ്‍സ് (116) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ബ്രൂക്ക്‌ലിനിലെ വൃദ്ധസദനത്തില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. 10 വര്‍ഷത്തോളമായി ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1899ല്‍ അലബാമയില്‍ ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ജനനം. സൂസന്നയ്ക്ക് 10 സഹോദരങ്ങളുണ്ട്.
കറുത്ത വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക സ്‌കൂളിലാണ് സൂസന്ന പഠനം പൂര്‍ത്തിയാക്കിയത്. ഹൈസ്‌കൂള്‍ പനം പൂര്‍ത്തിയാക്കിയശേഷം 1922ല്‍ കുടുംബത്തോടൊപ്പം ന്യൂജഴ്‌സിയിലേക്ക് കുടിയേറി. അവിടെ നിന്നു പിന്നീട് ന്യൂയോര്‍ക്കിലുമെത്തി. വീട്ടുജോലിചെയ്തും കുഞ്ഞുങ്ങളെ പരിപാലിച്ചുമാണ് ഇവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. ധാരാളം ഉറങ്ങുന്ന ശീലമാണ് തനിക്ക് ദീര്‍ഘായുസ്സുണ്ടാവാന്‍ കാരണമെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ പോലും മദ്യമോ സിഗരറ്റോ ഉപയോഗിച്ചിട്ടില്ല. സ്‌നേഹസമ്പന്നത ഇവരുടെ മുഖമുദ്രയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. 117 വയസ്സുള്ള മിസോ ഒക്കാവ കഴിഞ്ഞ വര്‍ഷം ടോക്കിയോയില്‍ അന്തരിച്ചതോടെയാണ് ഏറ്റവും മുതിര്‍ന്നയാളെന്ന ഗിന്നസ് റെക്കോഡ് സൂസന്ന സ്വന്തമാക്കിയത്. ഇറ്റലിയിലെ എമ്മ മൊറാനോയ്ക്കാണ് ലോകമുത്തശ്ശിയെന്ന അടുത്ത പദവി. സൂസന്നയേക്കാള്‍ ഏതാനും മാസങ്ങള്‍ മാത്രം ഇളയതാണിവര്‍.
ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്നത് 1997ല്‍ അന്തരിച്ച ഫ്രാന്‍സിലെ ഷാന്‍ കാല്‍മാങ് ആണ്. 122 വര്‍ഷവും 164 ദിവസവുമാണ് ഇവര്‍ ജീവിച്ചത്.
Next Story

RELATED STORIES

Share it