ലേമാനും വോയ്ക്കും വോണിന്റെ വിമര്‍ശനം

മെല്‍ബണ്‍: ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ പോലും കാണാതെ ആസ്‌ത്രേലിയ പുറത്തായതില്‍ കോച്ച് ഡാരന്‍ ലേമാനും മുഖ്യ സെലക്റ്റര്‍ മാര്‍ക് വോയ്ക്കും മുന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ വിമര്‍ശനം. ടീം സെലക്ഷനില്‍ ഇരുവരും നടത്തിയ പരീക്ഷണങ്ങളാണ് ഓസീസ് തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് വോണ്‍ ചൂണ്ടിക്കാട്ടി. ട്വന്റി സ്‌പെഷ്യലിസ്റ്ററുകളായ ആരോണ്‍ ഫിഞ്ച്, ജോണ്‍ ഹാസ്റ്റിങ്‌സ് എന്നിവരെ ടീം വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
''ആസ്‌ത്രേലിയന്‍ ടീമിന്റെ സെലക്ഷന്‍ പാളിയെന്ന കാര്യത്തില്‍ സംശയമില്ല. മികച്ചൊരു ഇലവനെ നേരത്തേ തന്നെയുണ്ടായിട്ടും അതില്‍ ഉറച്ചുനില്‍ക്കാതെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നതാണ് തിരിച്ചടിയായത്. പ്രതിഭകളുടെ കാര്യത്തില്‍ ആസ്‌ത്രേലിയക്ക് ഒട്ടും പഞ്ഞമില്ല. എന്നിട്ടും ടീമിനു ലോകകപ്പില്‍ നേട്ടം കൊയ്യാന്‍ കഴിയാതിരുന്നത് ടീം മാനേജ്‌മെന്റിന്റെ വീഴ്ചയാ ണ്''- വോണ്‍ വിലയിരുത്തി.
ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് രണ്ടിലെ അവസാന കളിയില്‍ ഇന്ത്യയോട് പരാജയപ്പെട്ടാണ് ആസ്‌ത്രേലിയ പുറത്തായത്.
ടൂര്‍ണമെന്റില്‍ രണ്ടു കളികളില്‍ മാത്രമേ ഫിഞ്ചിന് ഓസീസ് അവസരം നല്‍കിയിരുന്നുള്ളൂ. പാകിസ്താന്‍, ഇന്ത്യ എന്നിവര്‍ക്കെതിരേയാണ് താരം കളിച്ചത്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയുള്ള കളികളില്‍ ഫി ഞ്ചിനെ പുറത്തിരുത്തുകയായിരുന്നു. ഈ മല്‍സരങ്ങളില്‍ ഉസ്മാന്‍ കവാജയ്‌ക്കൊപ്പം ഷെയ്ന്‍ വാട്‌സനാണ് ഓസീസ് ഇന്നിങ്‌സ് ഓപണ്‍ ചെയ്തത്.
''നിലവില്‍ ട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഫിഞ്ച്. ലോക റാങ്കിങില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തു നില്‍ക്കുന്നുവെന്നതിന് ഇതു തെളിവാണ്. ഓപണര്‍ ഡേവിഡ് വാര്‍ണറാവട്ടെ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനാണ്. ഇരുവരെയും ഓപണിങില്‍ ഇറക്കിയിരുന്നെങ്കില്‍ ലോകകപ്പില്‍ ഓസീസിനു ഗുണം ചെയ്യുമായിരുന്നു''- വോണ്‍ വിശദമാക്കി.
Next Story

RELATED STORIES

Share it