ernakulam local

ലീഗില്‍ ഗ്രൂപ്പ്‌പോര് ശക്തം; സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടി

ആലുവ : ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് ലീഗിനുള്ളില്‍ ഗ്രൂപ്പ്‌പോര് ശക്തമാകുന്നു. ഇതുമൂലം സ്ഥാനാര്‍ഥി നിര്‍ണ്ണയം കീറാമുട്ടിയാകുന്നു. യു.ഡി.എഫ്. അനുവദിച്ച രണ്ടു സീറ്റിലും ശക്തമായ വടംവലിയാണ് നടക്കുന്നത്. കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ച ആലങ്ങാട്, എടത്തല ഡിവിഷനുകളാണ് ലീഗിന് ഇത്തവണയും അനുവദിച്ചിട്ടുള്ളത്. ഇതില്‍ എടത്തല ജനറല്‍ സീറ്റും, ആലങ്ങാട് വനിതാ സീറ്റുമാണ്. എടത്തലയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ രണ്ട് ലീഗ് നേതാക്കള്‍ പ്രചാരണത്തിനിറങ്ങിക്കഴിഞ്ഞു. ലീഗ് ജില്ലാ നേതാവും, വാഴക്കുളം മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ എം യു ഇബ്രാഹിം, നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഇ പി ഷെമീറുമാണ് രംഗത്തിറങ്ങിയിട്ടുള്ളത്. നിലവില്‍ എടത്തല സീറ്റ് അഹമ്മദ് കബീര്‍ ഗ്രൂപ്പിനാണ് നല്‍കിയിട്ടുള്ളത്. ഈ ഗ്രൂപ്പുകാരനാണ് എം യു ഇബ്രാഹിം. എന്നാല്‍ ഇതിനിടയില്‍ ഈ സീറ്റിനായി കോണ്‍ഗ്രസുകാരും രംഗത്തുണ്ട്. കോണ്‍ഗ്രസിലെ ആര്‍ രഹന്‍രാജ് ആണ് ഇവിടെ സീറ്റിനായി രംഗത്തുള്ളത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആര്‍ രഹന്‍രാജിനെ ഇത്തവണ ജില്ലാ ഡിവിഷന്‍ നല്‍കാമെന്ന മന്ത്രിമാരുടെ ഉറപ്പിലാണ് ലീഗുകാരനായ ഇ പി ഷെമീറിനായി രഹന്‍രാജിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും താഴെയിറക്കിയത്. മന്ത്രിമാരായ ഇബ്രാഹിംകുഞ്ഞും, രമേശ് ചെന്നിത്തലയും നല്‍കിയ ഉറപ്പിന്മേലാണ് രഹന്‍രാജും സീറ്റിനായി രംഗത്തുള്ളത്. വനിതാ സംവരണമായ ആലങ്ങാട് ഡിവിഷനില്‍ അര്‍ഹരായവരെ തഴഞ്ഞ് ലീഗ് അംഗത്വം പോലുമില്ലാത്ത ആളെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടക്കുന്നുന്നുണ്ട് ഇതിനെതിരെ  ലീഗിലെ അണികള്‍ തന്നെ പരസ്യമായി രംഗത്തുണ്ട്. അര്‍ഹരായ ഏറെ വനിതകളെ മനഃപ്പൂര്‍വ്വം തഴഞ്ഞാണ് മന്ത്രി തന്നെ മുന്‍കൈയ്യെടുത്ത് മന്ത്രിയുടെ നോമിനിയായ റസിയ സബാദിനെ മല്‍സരിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് ആരോപണം. പാര്‍ട്ടി അണികളോട് പോലും ചര്‍ച്ച ചെയ്യാതെയാണ് മന്ത്രി  സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും അണികള്‍ പറയുന്നു. എടത്തല ഡിവിഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി നിര്‍ണ്ണയം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. സി.പി.ഐക്ക് അനുവദിച്ച സീറ്റില്‍ അസ്‌ലഫും,എം എ യൂസഫുമാണ് പരിഗണയില്‍ സി.പി.ഐ.ക്ക് തന്നെ അനുവദിച്ച ആലങ്ങാട്ട് ലീഗിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരിക്കും മല്‍സരിക്കുക. ഈ രണ്ട് ഡിവിഷനിലും  എസ്.ഡി.പി.ഐയക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് എസ്.ഡി.പി.ഐയും രംഗത്തിറക്കുക.
Next Story

RELATED STORIES

Share it