റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ച പ്രകാരമെന്ന് സരിത

കൊച്ചി: സോളാര്‍ കമ്മീഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് ആദ്യമായി നോട്ടീസ് അയച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് താന്‍ കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചതെന്ന് സരിത നായര്‍. ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെയാണ് സരിത ഇക്കാര്യം പറഞ്ഞത്. പെറ്റീഷന്‍ എപ്രകാരമായിരിക്കണമെന്ന് ബെന്നി ബഹനാന്‍ എംഎല്‍എ പ്രദീപ്കുമാര്‍ മുഖാന്തരം അഡ്വ. എസ് രാജീവിനെ ധരിപ്പിച്ചതിന്‍ പ്രകാരമാണ് താന്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചതെന്നും സരിത വെളിപ്പെടുത്തി.
ഉച്ചയ്ക്കുശേഷം അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്തു. കമ്മീഷനു പുറമെ സരിതയുടെ അഭിഭാഷകന്‍ സി ഡി ജോണിയും കമ്മീഷന്റെ ജീവനക്കാരും മാത്രമാണ് ക്രോസ് വിസ്താര സമയത്തു ഹാജരായിരുന്നത്. സര്‍ക്കാര്‍ അഭിഭാഷകനും മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല.
താന്‍ ജയിലില്‍ നിന്നിറങ്ങിയ സമയത്ത് കമ്മ്യൂണിസ്റ്റുകാരനെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രശാന്ത് എന്നൊരാള്‍ കമ്മീഷനില്‍ സത്യം തുറന്നുപറണമെന്നും അതിന് പത്തുകോടി രൂപ വാഗ്ദാനം നല്‍കിയിരുന്നുവെന്നും സരിത മൊഴിനല്‍കി. ഇ പി ജയരാജന്‍ പറഞ്ഞിട്ടു വന്നതാണെന്നും അയാള്‍ പറഞ്ഞു. എന്നാല്‍, അന്നത്തെ തന്റെ നിലപാടുകള്‍ക്കു വിരുദ്ധമായതിനാലും വന്ന ആളെക്കുറിച്ച് വിശ്വാസ്യത തോന്നാഞ്ഞതുകൊണ്ടും സത്യം പറയാന്‍ തനിക്കാരുടെയും പിന്തുണ ആവശ്യമില്ലാത്തതിനാലും വാഗ്ദാനം മുഖവിലയ്‌ക്കെടുത്തില്ലെന്നും സരിത പറഞ്ഞു.
അബ്ദുല്ലക്കുട്ടി എംഎല്‍എക്കെതിരായി തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി സത്യമാണ്. സെക്ഷന്‍ 376 ഐപിസി പ്രകാരമാണ് താന്‍ പരാതി നല്‍കിയിരിക്കുന്നത്. തന്നെ മോശമായി ചിത്രീകരിച്ച വാട്ട്‌സ്ആപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരായി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്കു നല്‍കിയ പരാതിയില്‍ അന്വേഷണം മരവിച്ചിരിക്കുകയാണ്. ആലപ്പുഴയില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനു പിറകിലുണ്ട്. കേരള പോലിസ് അസോസിയേഷന്‍ യഥാര്‍ഥത്തില്‍ 40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നതെന്നും കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിമൂലം 20 ലക്ഷം രൂപ മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂവെന്നും സരിത വെളിപ്പെടുത്തി.
താന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ നല്‍കിയിട്ടുള്ള അഭിമുഖസംഭാഷണങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം യഥാര്‍ഥമല്ല. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാവരുതെന്ന് തനിക്കു ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും സരിത കമ്മീഷനില്‍ മൊഴിനല്‍കി. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് ഡല്‍ഹിയിലും ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടിലുംവച്ച് രണ്ടു തവണയായി 1.90 കോടി രൂപ കൈമാറിയത് കുറിച്ചുവച്ച കണക്കുകള്‍ തന്റെ പേഴ്‌സണല്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സരിത മൊഴിനല്‍കി.
കമ്മീഷനില്‍ ക്രോസ് വിസ്താരം ശരിയായ വിധത്തില്‍ നടക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ വാദം കമ്മീഷനെ ചൊടിപ്പിച്ചു. ഇത് കമ്മീഷനും അഭിഭാഷകനും തമ്മില്‍ ഏതാനും നിമിഷത്തെ വാഗ്വാദത്തിനും കാരണമായി.
സരിതയുമായി തമ്പാനൂര്‍ രവി നടത്തിയ ഫോണ്‍സംഭാഷണ വിവരങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ അഭിഭാഷകന്‍ കമ്മീഷനില്‍ ഹാജരാക്കി. കമ്മീഷനെതിരേ വിവാദപരാമര്‍ശം നടത്തിയ അഭിഭാഷകന്‍ ശിവന്‍ മഠത്തിലിനോട് 15നകം വിശദീകരണം നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it