രോഹിത് വെമുലയുടെ ജാതി: വീണ്ടും അന്വേഷണം

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ജാതി കണ്ടെത്തുന്നതിനു പുതിയ അന്വേഷണത്തിന് ഉത്തരവ്. ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ കാന്തിലാല്‍ ഗാണ്ഡെ ആണ് അന്വേഷണത്തിനുത്തരവിട്ടത്. രോഹിത് ദലിതാണെന്ന് കണ്ടെത്തിയ മുന്‍ അന്വേഷണ റിപോര്‍ട്ട് സംശയാസ്പദമാണെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു.
സര്‍വകലാശാല അധികൃതരില്‍ നിന്ന് നിരന്തരം ഏല്‍ക്കേണ്ടി വന്ന ജാതീയ പീഡനത്തെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 17നാണ് രോഹിത് ആത്മഹത്യ ചെയ്തത്. ദലിത് പീഡനം എന്ന നിലയില്‍ രാജ്യമൊട്ടാകെ വിവാദമായ സംഭവമായിരുന്നു രോഹിതിന്റെ ആത്മഹത്യ. മരണത്തിന് ശേഷവും വെമുലയെ വേട്ടയാടുന്ന സമീപനമായിരുന്നു കേന്ദ്രസര്‍ക്കാരും സര്‍വകലാശാലാ അധികൃതരും കൈക്കൊണ്ടത്. രോഹിത് വെമുല ദലിതനല്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ സംഘമാണ് രോഹിത് ദലിതനാണെന്ന റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപോര്‍ട്ടിലാണ് ഇപ്പോള്‍ അവിശ്വാസം രേഖപ്പെടുത്തി പുതിയ അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.
രോഹിത് വെമുല ദലിതനല്ലെന്ന് വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. അന്വേഷണത്തില്‍ രോഹിത് ദലിത് വിഭാഗത്തില്‍പ്പെട്ട ആളല്ലെന്നാണ് വിവരം ലഭിച്ചത്. വര്‍ഗീയ വിഷയമാക്കാന്‍ ചിലയാളുകള്‍ ഇയാളെ ദലിതനാണെന്ന് വിളിക്കുകയാണെന്നും സുഷമ പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപോര്‍ട്ടില്‍ രോഹിത് ദലിതനല്ലെന്നാണ് പറയുന്നത്.
Next Story

RELATED STORIES

Share it