Editorial

രോഗപ്രതിരോധ നടപടികള്‍ ആരും അവഗണിക്കരുത്

മഴ കനത്തതോടെ സംസ്ഥാനം സാംക്രമികരോഗങ്ങളുടെ പിടിയില്‍ അകപ്പെടുമെന്ന ആശങ്ക ജനങ്ങളില്‍ വര്‍ധിക്കുകയാണ്. പൂര്‍ണമായും ഇല്ലാതാക്കിയെന്നോ നിയന്ത്രണവിധേയമാക്കിയെന്നോ കരുതപ്പെട്ടിരുന്ന പല മാരകരോഗങ്ങളും കേരളത്തിന്റെ പല ഭാഗങ്ങളിലും രംഗപ്രവേശം ചെയ്ത വാര്‍ത്തകള്‍ ഈ ആശങ്കകള്‍ ബലപ്പെടുത്തുന്നു. നഗരങ്ങളും ഗ്രാമങ്ങളും മാലിന്യക്കൂമ്പാരങ്ങള്‍ക്കു നടുവില്‍ പകര്‍ച്ചപ്പനികള്‍ക്കു പാകമായി നില്‍ക്കുകയാണ്. സംസ്ഥാനം തിരഞ്ഞെടുപ്പ് ജ്വരത്തിലായതിനാല്‍ മഴയ്ക്കു മുമ്പു നടക്കേണ്ടിയിരുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നിട്ടില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷവും പ്രഖ്യാപനങ്ങള്‍ ഉണ്ടായതല്ലാതെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട രോഗപ്രതിരോധപദ്ധതികള്‍ എവിടെയും നടപ്പാക്കിയതായി വിവരമില്ല. ഈ പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലയില്‍നിന്നുള്ള ഒരു 16 വയസ്സുകാരന്‍ ഡിഫ്തീരിയ ബാധിച്ച് മരണമടഞ്ഞ വിവരം പുറത്തുവന്നിരിക്കുന്നത്. പ്രതിരോധ വാക്‌സിനുകള്‍ തീരെ എടുക്കാത്തതു കാരണം രോഗം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതാണ് മരണകാരണമായതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ സപ്തംബറില്‍ മലപ്പുറം ജില്ലയില്‍തന്നെയുള്ള ഒരു അനാഥാലയത്തിലെ രണ്ടു വിദ്യാര്‍ഥികള്‍ ഇതേ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. മറ്റു രണ്ടു വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണെന്നും അറിയുന്നു.
പ്രതിരോധ കുത്തിവയ്പുകള്‍ക്ക് എതിരായി ജനങ്ങള്‍ക്കിടയില്‍ നടന്നുവരുന്ന കുപ്രചാരണം വിപരീത ഫലം ഉളവാക്കുകയാണെന്ന സംശയം മേല്‍പ്പറഞ്ഞ സംഭവത്തോടെ ശക്തമായി ഉയര്‍ന്നുവന്നിരിക്കുകയാണ്. ആരോഗ്യരംഗം സാമ്രാജ്യത്വപരവും സാമ്പത്തികവുമായ താല്‍പര്യങ്ങളില്‍നിന്ന് തീര്‍ത്തും മുക്തമാണെന്ന് അവകാശപ്പെടാന്‍ നിവര്‍ത്തിയില്ലെങ്കിലും രോഗപ്രതിരോധ മരുന്നുകള്‍ അങ്ങനെയാണെന്നു കരുതുന്നത് അതിശയോക്തിപരമാവാനെ തരമുള്ളൂ. എല്ലാറ്റിലും ഗൂഢാലോചന കാണുന്നവരുടെ പ്രചാരണങ്ങള്‍ക്ക് മുസ്‌ലിംകള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രതിരോധ കുത്തിവയ്പുകള്‍െക്കതിരായ പ്രചാരണങ്ങളെ മുന്‍പിന്‍ നോക്കാതെ ഏറ്റുപിടിക്കാന്‍ ചിലര്‍ ആവേശം കാണിക്കുന്നതിനു പിന്നില്‍ ഇതുസംബന്ധിച്ച ഉല്‍ക്കണ്ഠകളാവാം. അതേസമയം വൈദ്യശാസ്ത്രരംഗത്ത് മനുഷ്യരാശി കൈവരിച്ച ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റങ്ങളില്‍ ഒന്നായാണ് കുത്തിവയ്പുകള്‍ അടക്കമുള്ള രോഗപ്രതിരോധമാര്‍ഗങ്ങള്‍ വിലയിരുത്തപ്പെടുന്നത്. നമ്മുടെ അനുഭവങ്ങളും ലഭ്യമായ സ്ഥിതിവിവരക്കണക്കുകളും ഈ നിരീക്ഷണത്തെ വലിയ അളവില്‍ ശരിവയ്ക്കുന്നു. ലോകത്ത് മരണം വാരിവിതറിയ നിരവധി മഹാമാരികളെ നിയന്ത്രണവിധേയമാക്കുന്നതില്‍ ആധുനിക രോഗപ്രതിരോധ രീതികള്‍ വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. ഈ വസ്തുതകള്‍ മുന്നില്‍ വച്ച് കുത്തിവയ്പുകള്‍െക്കതിരായ നിലപാടുകളെ പുനരാലോചനയ്ക്കു വിധേയമാക്കാന്‍ തയ്യാറാവുന്നതാവും ബുദ്ധി. ഈ വിഷയകമായി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന ഭയാശങ്കകള്‍ അകറ്റാനുള്ള നീക്കങ്ങള്‍ അധികൃതരുടെയും സംഘടനകളുടെയും ഭാഗത്തുനിന്ന് ഉണ്ടാവണം.
Next Story

RELATED STORIES

Share it