രാജിതീരുമാനത്തില്‍ മാറ്റമില്ല; സത്യം തെളിയുമെന്ന് വിശ്വാസം: കെ ബാബു

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ ബാബു. ആരും ആവശ്യപ്പെട്ടിട്ടല്ല രാജിവച്ചത്. വീടും ഓഫിസും ഒഴിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എംഎല്‍എ ഹോസ്റ്റലില്‍ മുറിയും പേഴ്‌സണല്‍ സ്റ്റാഫായും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി വിധി അനുകൂലമായാല്‍ രാജി പിന്‍വലിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, താന്‍ രാജിക്കത്ത് നല്‍കിക്കഴിഞ്ഞെന്നും ഇനിയെന്തിനാണ് പിന്‍വലിക്കുന്നതെന്നും അദ്ദേഹം മറുപടി നല്‍കി.
രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറാന്‍ വൈകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കണം. തനിക്കും മാണിക്കും ഇരട്ടനീതിയാണെന്ന് അഭിപ്രായമില്ല. സത്യം തെളിയുമെന്നാണ് തന്റെ വിശ്വാസം. കോടതിയിലിരിക്കുന്ന കേസിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍കോഴയുടെ പേരില്‍ കുറച്ചുകാലങ്ങളായി സിപിഎം തന്നെ വേട്ടയാടുകയാണ്.
നിയമസഭയിലോ പുറത്തോ അവര്‍ക്ക് തനിക്കെതിരേ ഒരു തെളിവും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. 50 ലക്ഷത്തിന്റെ കെട്ട് സെക്രട്ടേറിയറ്റിലെ ഓഫിസില്‍ കൊണ്ടുവന്നുവെന്നാണ് ബിജു രമേശ് പറയുന്നത്. പണം വാങ്ങാനാണെങ്കില്‍ തന്റെ വീട്ടില്‍ കൊണ്ടുവരാനല്ലേ പറയൂ. അല്ലാതെ സെക്രട്ടേറിയറ്റില്‍വച്ച് പണം വാങ്ങുന്ന മണ്ടത്തരം താന്‍ കാണിക്കുമോയെന്നും കെ ബാബു ചോദിച്ചു. ആരോപണത്തിന്റെ പേരില്‍ താന്‍ നല്‍കിയ മാനനഷ്ടക്കേസ് സ്‌റ്റേ ചെയ്യാനാണ് ആരോപണമുന്നയിച്ച ബിജു രമേശ് ശ്രമിച്ചത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വ്യക്തികളെ സ്വഭാവഹത്യ ചെയ്യുന്ന പ്രവര്‍ത്തനശൈലിയാണ് എല്‍ഡിഎഫ് സ്വീകരിച്ചുവരുന്നത്.
വെറുക്കപ്പെട്ടവരെ മഹത്ത്വവല്‍ക്കരിച്ചുകൊണ്ട് സത്യസന്ധമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ തേജോവധം ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. തനിക്കെതിരേ ഇതുവരെയും കേസില്ല. ഹൈക്കോടതി തന്നെ വിജിലന്‍സ് കോടതിയുടെ നടപടിയെ അനുചിതമെന്നാണ് വിശേഷിപ്പിച്ചത്. താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് തെളിഞ്ഞാല്‍ തനിക്ക് നഷ്ടപ്പെട്ട ഇമേജ് തിരികെ നല്‍കാന്‍ കഴിയുമോ. മാധ്യമവിചാരണ നടത്തുന്നവരും ഇത്തരം ശൈലി ഉപേക്ഷിക്കണം. മന്ത്രിസ്ഥാനം ഒഴിയുമ്പോള്‍ നടക്കാതെ പോയ കുറേ കാര്യങ്ങള്‍ ചെയ്യാനായതിന്റെ ചാരിതാര്‍ഥ്യമുണ്ട്. മദ്യനയം നടപ്പാക്കിയതിന്റെ പേരില്‍ ഒരുപാട് കുടുംബങ്ങളെ സഹായിക്കാനായി. എന്തൊക്കെ കുറ്റം പറഞ്ഞാലും നാലരവര്‍ഷത്തെ പ്രവര്‍ത്തനം കണക്കിലെടുത്ത് തനിക്ക് റാങ്ക് നല്‍കിയില്ലെങ്കിലും ഡിസ്റ്റിങ്ഷനുള്ള അര്‍ഹതയുണ്ടെന്നും ബാബു ചൂണ്ടിക്കാട്ടി.
വി ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ തനിക്കെതിരേ ബാറുടമകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. തനിക്കെതിരേ ശിവന്‍കുട്ടി കേസുമായി മുന്നോട്ടുപോവണം. എന്നാല്‍, ഇതില്‍ അന്വേഷണമൊന്നും ആവശ്യപ്പെടുന്നില്ല. താനും കെപിസിസി പ്രസിഡന്റുമായി യാതൊരു പ്രശ്‌നവുമില്ല. രാജിക്കത്ത് നല്‍കുന്നതിന് മുമ്പ് രണ്ടുതവണ സുധീരനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കും. വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it