Sports

യൂറോ കപ്പ് : പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്നുമുതല്‍

പാരിസ്: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ അവസാന എട്ടിലേക്ക് ടിക്കറ്റെടുക്കാന്‍ വേണ്ടി സൂപ്പര്‍ ടീമുകളുള്‍പ്പെടെ 16 ടീമുകള്‍ അങ്കത്തട്ടിലിറങ്ങും.
ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പോളണ്ടിനെയും രണ്ടാമങ്കത്തില്‍ വെയ്ല്‍സ് വടക്കന്‍ അയര്‍ലന്‍ഡിനെയും മൂന്നാമങ്കത്തില്‍ പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെയും എതിരിടും.
നാളെ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് അയര്‍ലന്‍ഡിനെയും രണ്ടാമങ്കത്തില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനി സ്ലൊവാക്യയെയും മൂന്നാമങ്കത്തില്‍ ബെല്‍ജിയം ഹംഗറിയെയും നേരിടും. തിങ്കളാഴ്ച നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിന്‍ മുന്‍ ജേതാക്കളായ ഇറ്റലിയെയും പ്രീക്വാര്‍ട്ടറിലെ അവസാന അങ്കത്തില്‍ ഇംഗ്ലണ്ട് ഐസ്‌ലന്‍ഡിനെയും എതിരിടും. ഈ മാസം 30 മുതല്‍ അടുത്ത മാസം മൂന്ന് വരെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. [related]
ക്രൊയേഷ്യന്‍ കടമ്പ
കടക്കാന്‍ പോര്‍ച്ചുഗല്‍
ഒരു ജയം പോലും നേടാനാവാതെ കണക്കിന്റെ കളിയിലൂടെ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലെത്തിയ ടീമാണ് മുന്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍.
ഗോള്‍ശരാശരിയിലൂടെ മൂന്നാം സ്ഥാനക്കാരില്‍ മികച്ച നാല് ടീമുകളിലൊന്നായാണ് പോര്‍ച്ചുഗീസ് പട പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. എന്നാല്‍, പ്രീക്വാര്‍ട്ടര്‍ കടമ്പ കടക്കാന്‍ പോര്‍ച്ചുഗലിന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. കാരണം, എതിരാളികള്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവാനൊരുങ്ങുന്ന ക്രൊയേഷ്യയാണ്. നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിന്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ മാസ്മരിക പ്രകടനം നടത്തിയ ക്രൊയേഷ്യ ഗ്രൂപ്പ് ഡി ജേതാക്കളായാണ് പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.
ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സ്‌പെയിനിനെ 1-2ന് ക്രൊയേഷ്യ അട്ടിമറിച്ചാണ് ക്രൊയേഷ്യ ഗ്രൂപ്പ് ചാംപ്യന്‍മാരായത്. തുര്‍ക്കി 0-1ന് തോല്‍പ്പിച്ച ക്രൊയേഷ്യ ചെക്ക് റിപബ്ലിക്കിനോട് അപ്രതീക്ഷിത സമനില വഴങ്ങുകയായിരുന്നു.
മികച്ച ഫോമില്‍ കളിക്കുന്ന ക്രൊയേഷ്യക്കെതിരേ ഗ്രൂപ്പ്ഘട്ടത്തില്‍ തപ്പിതടഞ്ഞ പോര്‍ച്ചുഗലിന് വെന്നിക്കൊടി നാട്ടണമെങ്കില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് തീര്‍ച്ച. ഗ്രൂപ്പ് എഫില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ക്രിസ്റ്റ്യാനോ പട സമനില വഴങ്ങിയിരുന്നു. കന്നി യൂറോ കപ്പ് കളിക്കുന്ന ഐസ് ലന്‍ഡിനോട് 1-1ന് സമനില വഴങ്ങിയാണ് പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റിന് തുടക്കം കുറിച്ചത്. പിന്നീട് ഓസ്ട്രിയയോട് ഗോള്‍രഹിതമായും ഹംഗറിയോട് 3-3നും പോര്‍ച്ചുഗല്‍ സമനില വഴങ്ങി.
ആദ്യ രണ്ട് മല്‍സരത്തില്‍ തന്റെ കേളിമികവ് പുറത്തെടുക്കാന്‍ കഴിയാതെ പോയ ക്രിസ്റ്റിയാനോ ഹംഗറിക്കെതിരേ മികച്ച പ്രകടനമാണ് നടത്തിയത്. മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടര്‍ പ്രവേശനവും നേടിക്കൊടുക്കുകയായിരുന്നു. ഹംഗറിക്കെതിരായ മല്‍സരത്തിലൂടെ ഫോമിലെത്തിയ ക്രിസ്റ്റിയാനോയ്ക്കു പുറമേ നാനിയുമാണ് പോര്‍ച്ചുഗീസ് പടയുടെ പ്രതീക്ഷകള്‍. ടൂര്‍ണമെന്റില്‍ രണ്ടു തവണ നാനി പോര്‍ച്ചുഗലിന് വേണ്ടി നിറയൊഴിച്ചിരുന്നു. പരിക്കേറ്റ ആന്ദ്രെ ഗോമസും റാഫേല്‍ ഗ്വരേയ്‌റോയും പോര്‍ച്ചുഗീസ് നിരയില്‍ ഇന്ന് കളിക്കുമോയന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
എന്നാല്‍, പ്രമുഖ താരങ്ങള്‍ പരിക്കിന്റെ പിടിയിലകപ്പെട്ടത് ക്രൊയേഷ്യയെ അലട്ടുന്നുണ്ട്. ലൂക്ക മോഡ്രിച്ച്, മരിയോ മാന്‍ഡ്യുകിച്ച് എന്നിവരാണ് പരിക്കിന്റെ പിടിയിലകപ്പെട്ടത്. മോഡ്രിച്ചിനു പകരം യുവ മിഡ്ഫീല്‍ഡര്‍ മാര്‍കോ റോജ് ഇന്ന് കളിച്ചേക്കും. ഇവാന്‍ പെറിസിക്, ഇവാന്‍ റാക്റ്റിക്ക്, നികോള കാലിനിക് എന്നിവരുടെ മിന്നുന്ന ഫോമാണ് ക്രൊയേഷ്യക്ക് ആത്മവിശ്വാസം പകരുന്നത്. ഇരു ടീമും മൂന്നു തവണയാണ് ഇതുവരെ നേര്‍ക്കുനേര്‍ വന്നത്. മൂന്നിലും പോര്‍ച്ചുഗലിനൊപ്പമായിരുന്നു വിജയം.
വെയ്ല്‍സോ, വടക്കന്‍ അയര്‍ലന്‍ഡോ?
യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്ന് കന്നി അങ്കക്കാരുടെ പ്രീക്വാര്‍ട്ടര്‍ പോര്. കന്നി യൂറോ കപ്പ് കളിക്കുന്ന വെയ്ല്‍സും വടക്കന്‍ അയര്‍ലന്‍ഡും തമ്മിലാണ് മുഖാമുഖം പോരടിക്കുന്നത്. ജൈത്രയാത്ര പ്രീക്വാര്‍ട്ടറിലും തുടരാനുറച്ച് ഇരു ടീമും കളത്തിലിറങ്ങുന്നത്. റയല്‍ മാഡ്രിഡ് സ്റ്റാര്‍ ഫോര്‍വേഡ് ഗരെത് ബേലാണ് വെയ്ല്‍സിന്റെ കുന്തമുന.
ഇംഗ്ലണ്ട് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ജേതാക്കളായാണ് വെയ്ല്‍സിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമാണ് ഗ്രൂപ്പ്ഘട്ടത്തില്‍ വെയ്ല്‍സ് നേടിയത്. സ്ലൊവാക്യയെ 1-2ന് തോല്‍പ്പിച്ച് യൂറോ കപ്പില്‍ അരങ്ങേറിയ വെയ്ല്‍സ് 1-2ന് ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍, മൂന്നാമങ്കത്തില്‍ റഷ്യയെ എതിരില്ലാത്ത മൂന്നു ഗോളിന് തരിപ്പണമാക്കി വെയ്ല്‍സ് ഗ്രൂപ്പ് ചാംപ്യന്‍മാരാവുകയായിരുന്നു. കളിച്ച മൂന്നു മല്‍സരങ്ങളിലും ലക്ഷ്യംകണ്ട ബേല്‍ താന്‍ ഉജ്ജ്വല ഫോമിലാണെന്ന് എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ടൂര്‍ണമെന്റില്‍ താരങ്ങള്‍ക്ക് പരിക്ക് അലട്ടാത്തത് വെയ്ല്‍സിന്റെ പ്ലസ് പോയിന്റാണ്.
അതേസമയം, ലോക ചാംപ്യന്‍മാരായ ജര്‍മനിയുള്‍പ്പെടുന്ന ഗ്രൂപ്പ് സിയില്‍ നിന്നാണ് വടക്കന്‍ അയര്‍ലന്‍ഡിന്റെ പ്രീക്വാര്‍ട്ടറിലേക്കുള്ള വരവ്. ഗ്രൂപ്പ്ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മികച്ച നാല് ടീമുകളിലൊന്നായി അയര്‍ലന്‍ഡ് അവസാന 16ലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. യൂറോ കപ്പിലെ കന്നി മല്‍സരത്തില്‍ പോളണ്ടിനോട് 1-0ന് തോറ്റ് തുടങ്ങിയ വടക്കന്‍ അയര്‍ലന്‍ഡ് രണ്ടാമങ്കത്തില്‍ ഉക്രെയ്‌നെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഞെട്ടിക്കുകയായിരുന്നു.
മൂന്നാമങ്കത്തില്‍ ജര്‍മനിക്കു മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിന് അയര്‍ലന്‍ഡ് അടിയറവ് പറഞ്ഞു. ടീമില്‍ പരിക്ക് അലട്ടാത്തത് അയര്‍ലന്‍ഡിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ജര്‍മനിക്കെതിരായ അതേ ഇലവനെ തന്നെ വെയ്ല്‍സിനെതിരേയും അയര്‍ലന്‍ഡ് ഇറക്കിയേക്കും.
ഇത് ഒമ്പതാം തവണയാണ് ഇരു ടീമും മുഖാമുഖം വരുന്നത്. നേരത്തെ എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നെണ്ണത്തില്‍ വെയ്ല്‍സും ഒരു കളിയില്‍ വടക്കന്‍ അയര്‍ലന്‍ഡും വിജയക്കൊടി നാട്ടി. നാല് മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
ക്വാര്‍ട്ടര്‍ തേടി പോളണ്ടും
സ്വിറ്റ്‌സര്‍ലന്‍ഡും
ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന പോളണ്ടും സ്വിറ്റ്‌സര്‍ലന്‍ഡും ചരിത്രത്തിലാദ്യമായി യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിലാണ്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നാലാമത്തേതും പോളണ്ടിന്റെ മൂന്നാമത്തേതും യൂറോ കപ്പ് ടൂര്‍ണമെന്റാണിത്.
എന്നാല്‍, ഇതിന് മുമ്പുള്ള ടൂര്‍ണമെന്റുകളില്‍ ഗ്രൂപ്പ്ഘട്ടം കടക്കാന്‍ ഇരു ടീമിനും സാധിച്ചിരുന്നില്ല. ഇത്തവണ ഗ്രൂപ്പ്ഘട്ട കടമ്പ കടന്ന പോളണ്ടും സ്വിറ്റ്‌സര്‍ലന്‍ഡും യൂറോ കപ്പ് ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കാനുള്ള പുറപ്പാടിലാണ്. ഫ്രാന്‍സ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറിലേക്ക് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കടന്നുകയറ്റം. അല്‍ബേനിയയെ 0-1ന് പരാജയപ്പെടുത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് റുമാനിയയോടും ഫ്രാന്‍സിനോടും സമനില പിടിക്കുകയായിരുന്നു. ഷെഹര്‍ദാന്‍ ഷാക്വിരിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കുന്തമുന. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മാറ്റം വരുത്താനിടയില്ല.
അതേസമയം, ബയേണ്‍ മ്യൂണിക്ക് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് ഇതുവരെ താളം കണ്ടെത്താനാവാത്തത് പോളണ്ടിനെ വിഷമിപ്പിക്കുന്നുണ്ട്. ക്ലബ്ബുകള്‍ക്കു വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടുന്ന ലെവന്‍ഡോവ്‌സ്‌കിക്ക് ടൂര്‍ണമെന്റില്‍ ഇതുവരെ ലക്ഷ്യംകാണാന്‍ സാധിച്ചിട്ടില്ല. ലെവന്‍ഡോവ്‌സ്‌കി ഫോമിലെത്തിയാല്‍ അത് സ്വിറ്റ്‌സര്‍ലന്‍ഡിന് വെല്ലുളിയാവും. ജര്‍മനിയുള്‍പ്പെടുന്ന ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് പോളണ്ട് പ്രീക്വാര്‍ട്ടറിലെത്തിയത്.
ആദ്യമല്‍സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ 0-1ന് പരാജയപ്പെടുത്തിയ പോളണ്ട് രണ്ടാമങ്കത്തില്‍ ജര്‍മനിയെ സമനിലയില്‍ കുരുക്കുകയായിരുന്നു. ഉക്രെയ്‌നിനെതിരേ 0-1നായിരുന്നു പോളണ്ടിന്റെ വിജയം. ഉക്രെയ്‌നിനെതിരേ ടൂര്‍ണമെന്റിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട പോളണ്ട് മിഡ്ഫീല്‍ഡര്‍ ബാര്‍ടോസ് കാപുസ്‌കയ്ക്ക് ഇന്നത്തെ മല്‍സരത്തില്‍ കളിക്കാനാവില്ല. വടക്കന്‍ അയര്‍ലന്‍ഡിനെതിരായ മല്‍സരത്തിനിടെ പരിക്കേറ്റ ഗോള്‍കീപ്പര്‍ വോജിസ്ച് സ്‌കെന്‍സിക്ക് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേയും പുറത്തിരിക്കേണ്ടിവരും. പകരം ലുകാസ് ഫബിയാന്‍സ്‌കി പോളണ്ട് വലകാക്കും.
ഇരു ടീമും ഇത് അഞ്ചാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. നേരത്തെ നാല് മല്‍സരങ്ങളില്‍ ഇരു ടീമും പരസ്പരം കൊമ്പുകോര്‍ത്തപ്പോള്‍ മൂന്നിലും പോളണ്ടിനൊപ്പമായിരുന്നു ജയം. ശേഷിക്കുന്ന ഒരു മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it