മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് ഡല്‍ഹി സര്‍വകലാശാല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതെന്ന പേരി ല്‍ ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ബിഎ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമാണെന്ന് ഡല്‍ഹി സര്‍വകലാശാല(ഡിയു). വര്‍ഷത്തിലും പേരിലും കാണപ്പെട്ട വ്യത്യാസങ്ങള്‍ ചെറിയ പിശകു മാത്രമാണെന്നും രജിസ്ട്രാര്‍ തരുണ്‍ ദാസ് ഇന്നലെ പറഞ്ഞു.
കഴിഞ്ഞ ദിവസം ഏറെ വിവാദമുയര്‍ത്തിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പുറത്തു വിട്ടതിനെത്തുടര്‍ന്ന് ആശിഷ് ഖേതന്‍, അശുതോഷ് തുടങ്ങിയ എഎപി നേതാക്കള്‍ വസ്തുത അന്വേഷിക്കാന്‍ ഇന്നലെ സര്‍വകലാശാലയില്‍ പോയിരുന്നു. എന്നാല്‍, ഇവരെ കാണാന്‍ സര്‍വകലാശാലാ അധികൃതര്‍ തയ്യാറായില്ല. ഇവര്‍ മടങ്ങിയ ശേഷമാണ് രജിസ്ട്രാര്‍ വിഷയത്തില്‍ സര്‍വകലാശാലയുടെ നിലപാട് അറിയിച്ചത്.ഞങ്ങള്‍ രേഖകള്‍ പരിശോധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം യഥാര്‍ഥമാണെന്നു വ്യക്തമായി. 1978ല്‍ പരീക്ഷ പാസായി. അടുത്ത വര്‍ഷം ബിരുദം നേടിയെന്നും രജിസ്ട്രാര്‍ പറഞ്ഞു.
വ്യത്യസ്ത മാര്‍ക്ക് ഷീറ്റുകളില്‍ പേരുകള്‍ മാറി വന്നതും വര്‍ഷങ്ങളിലുണ്ടായ വ്യത്യാസവും ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത് ചെറിയ പിഴവു മാത്രമാണെന്നും ഇവ സര്‍വകലാശാലാ രേഖകളിലുമുണ്ടെന്നായിരുന്നു രജിസ്ട്രാറുടെ മറുപടി.എന്നാല്‍, സര്‍വകലാശാലയുടെ പുതിയ വെളിപ്പെടുത്തലിനെതിരേ എഎപി രംഗത്തെത്തി.
ഞങ്ങള്‍ ചെന്നപ്പോള്‍ വിസിയും രജിസ്ട്രാരും ഞങ്ങളെ കാണാന്‍ വിസമ്മതിച്ചു. ഇപ്പോള്‍ അതെന്തു കൊണ്ടാണെന്നു മനസിലായി. അവരതിനിടയില്‍ പ്രധാനമന്ത്രിയെ രക്ഷിക്കാനുള്ള തിരക്കിലായിരുന്നുവെന്ന് എഎപി നേതാവ് അശുതോഷ് പറഞ്ഞു.
തങ്ങള്‍ സര്‍വകലാശാലയി ല്‍ നിന്നു മടങ്ങിയശേഷം രജിസ്ട്രാര്‍ മോദി സര്‍ക്കാരിനെ അന്ധമായി പിന്തുണയ്ക്കുന്ന ഒരു ചാനലിന് പ്രസ്താവന നല്‍കിയതു യാദൃച്ഛികമല്ലെന്ന് അശുതോഷ് കൂട്ടിച്ചേര്‍ത്തു. ഈ കൃത്രിമ ഇടപെടല്‍ കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്നതില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ പുറത്തുവരുമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it